ചര്‍ച്ചയ്ക്കിടെ ചാനല്‍ അവതാരകയെ 'ബേബി' എന്ന് വിളിച്ച് കര്‍ണിസേന പ്രതിനിധി; രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് അവതാരക
Viral
ചര്‍ച്ചയ്ക്കിടെ ചാനല്‍ അവതാരകയെ 'ബേബി' എന്ന് വിളിച്ച് കര്‍ണിസേന പ്രതിനിധി; രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് അവതാരക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th January 2018, 7:23 pm

ന്യൂദല്‍ഹി: പത്മാവത് ചിത്രത്തിനെതിരായ അക്രമങ്ങളെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ചാനല്‍ അവതാരകയെ “ബേബി” എന്ന് വിളിച്ച് ശ്രീ രജ്പുത് കര്‍ണ്ണിസേനയുടെ പ്രതിനിധി. കഴിഞ്ഞ ദിവസം ന്യൂസ് എക്‌സ് ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് സംഭവം. ന്യൂസ് എഡിറ്ററായ സഞ്ജന ചൗഹാനെയാണ് കര്‍മ്ണിസേന പ്രതിനിധി സുരജ്പാല്‍ അമു “ബേബി” എന്നു വിളിച്ചത്.

എന്നാല്‍ “ബേബി” എന്നു വിളിച്ച കര്‍ണ്ണിസേന പ്രതിനിധിയുടെ നടപടിയെ അതിശക്തമായി തന്നെ സഞ്ജന ചോദ്യം ചെയ്തു. “നിങ്ങള്‍ക്ക് എന്നെ ബേബി എന്നു വിളിക്കാന്‍ കഴിയില്ല” എന്നു പറഞ്ഞു കൊണ്ട് തുടങ്ങിയ സഞ്ജന പിന്നീട് വളരെ രൂക്ഷമായ ഭാഷയിലാണ് സുരജ്പാലിനോട് പ്രതികരിച്ചത്.


Also Read: പോറല്‍ പോലും എല്‍ക്കാതെ രജ്പുത്ര അഭിമാനം; വില്ലന് കയ്യടിപ്പിക്കുന്ന രണ്‍വീര്‍; പത്മാവത് പറയുന്നതും പറയാത്തതും (Review)


“എന്തിനാണ് കര്‍ണ്ണിസേന ഗുണ്ടായിസം കാണിക്കുന്നത് എന്ന ചോദ്യത്തിനാണ് നിങ്ങള്‍ ഉത്തരം പറയേണ്ടത്. നിങ്ങള്‍ക്ക് എന്നെ “ബേബി”യെന്നു വിളിക്കാന്‍ കഴിയില്ല. എന്നെ അങ്ങിനെ വിളിക്കരുത്, മനസിലായോ?”

“ഇങ്ങിനെയല്ല ഒരു സ്ത്രീയോട് സംസാരിക്കേണ്ടത്. എന്തു ധൈര്യത്തിലാണ് നിങ്ങള്‍ എന്നെ ബേബിയെന്നു വിളിച്ചത്? വാഹനങ്ങള്‍ തകര്‍ക്കുകയും കുട്ടികളെ ആക്രമിക്കുകയും ചെയ്യുന്ന നിങ്ങള്‍ എന്നെ ബേബിയെന്നു വിളിക്കുന്നു. ആരാണ് നിങ്ങള്‍?”

“കേവലം ഒരു ബസ് കത്തിച്ചതു കൊണ്ടാണോ നിങ്ങള്‍ എന്നെ ബേബിയെന്നു വിളിച്ചത്? നിങ്ങളുടെ സംസ്ഥാനമായ രാജസ്ഥാനില്‍ നാല് കൂട്ട ബലാത്സംഗങ്ങളാണ് ഉണ്ടായത്. എവിടെയായിരുന്നു കര്‍ണ്ണിസേന? ഒരു സാങ്കല്‍പ്പിക കഥാപാത്രത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന നിങ്ങള്‍ എന്നെ ബേബിയെന്നു വിളിക്കുന്നു. “ബേബി”കളെ ആക്രമിച്ച നിങ്ങളാണ് എന്നെ “ബേബി”യെന്നു വിളിച്ചത്. നിങ്ങള്‍ ആരാണെന്നാണ് കരുതിയിരിക്കുന്നത്?” -എന്നിങ്ങനെ അതിരൂക്ഷമായാണ് കര്‍ണ്ണിസേന പ്രതിനിധിയോടു സഞ്ജന പിന്നീട് സംസാരിച്ചത്.


Don”t Miss: ‘പത്മാവത്’ സിനിമയ്‌ക്കെതിരായ അതിക്രമം; കര്‍ണ്ണിസേനയ്‌ക്കെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു


തന്നെ ബേബിയെന്ന് വിളിച്ചതിന് അപ്പോള്‍ തന്നെ മാപ്പു പറയണമെന്നും സഞ്ജന സുരജ്പാലിനോട് ആവശ്യപ്പെട്ടു. ന്യൂസ് എക്‌സ് ചാനലിന്റെ ചര്‍ച്ചയിലെ ഈ ഭാഗം സമൂഹമാധ്യമങ്ങളില്‍ ഇതിനകം വൈറലായിട്ടുണ്ട്.

വീഡിയോ കാണാം: