മുംബൈ: റിലീസിന് ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിയെ വിടാതെ പിന്തുടര്‍ന്ന് വിവാദം. വിലക്കു മുതല്‍ ചിത്രത്തില്‍ റാണി പത്മാവതിയായി എത്തുന്ന ദിപികയുടെ തലയ്ക്ക് വില പറയുന്നിടത്തു വരെ എത്തിയിരിക്കുകയാണ് രജ്പുത് കര്‍ണി സേനയുടെ പ്രതിഷേധം.
ബംഗളൂരു, ഹരിയാന, കോട്ട, തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ണി സേന ചിത്രത്തിനെതിരായി തെരുവിലിറങ്ങി പ്രതിഷേധിച്ചു. കര്‍ണി സേന നേതാവ് ലോകേന്ദ്ര സിംഗ് കല്‍വി ദിപികയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചിത്രവുമായി മുന്നോട്ട് പോയാല്‍ മൂക്ക് ചെത്തിക്കളയുമെന്നായിരുന്നു കല്‍വിയുടെ ഭീഷണി.
രാമായണത്തില്‍ പറയുന്നതു പോലെ ലക്ഷ്മണന്‍ എന്താണോ ശൂര്‍പ്പണഖയെ ചെയ്തത് അതുതന്നെ ദിപികയ്ക്കും സംഭവിക്കുമെന്നായിരുന്നു കല്‍വിയുടെ ഭീഷണി. പിന്നാലെ ചിത്രത്തിന് ഫണ്ട് നല്‍കുന്നത് അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമാണെന്നും അദ്ദേഹം ആരോപിച്ചു.
ചിത്രത്തിനും താരങ്ങള്‍ക്കും പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇത്രയും നാള്‍ കളി കണ്ടു കൊണ്ടിരുന്ന സോഷ്യല്‍ മീഡിയയും ഇതോടെ കര്‍ണി സേനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ദിപികയുടെ മൂക്ക് ചെത്തുമെന്ന ഭീഷണിയുടെ മുന ഒടിച്ചു കളയുന്ന ട്രോളുകളുമായാണ് സോഷ്യല്‍ മീഡിയ പിന്തുണയുമായെത്തിയിരിക്കുന്നത്. തമാശകള്‍ മാത്രമല്ല വളരെ ഗൗരവ്വത്തോടെ വിവാദത്തെ സമീപിക്കുന്ന ട്വീറ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അതേസമയം, പത്മാവതിയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ അപൂര്‍ണ്ണമാണെന്ന് ചൂണ്ടിക്കാണിച്ച് സെന്‍സര്‍ ബോര്‍ഡ് തിരിച്ചയച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ സെന്‍സറിംഗിനായി ബോര്‍ഡിനെ സമീപിച്ചതെന്ന് സി.ബി.എഫ്.സി വൃത്തങ്ങള്‍ അറിയിച്ചു.
” സാധാരണ എല്ലാ ചിത്രങ്ങളും പരിശോധിക്കുന്നതു പോലെ തന്നെ പത്മാവതിയുടെ അപേക്ഷയും പരിശോധിച്ചു. എന്നാല്‍ അപേക്ഷ അപൂര്‍ണ്ണമായിരുന്നു. അവര്‍ക്ക് പൂര്‍ണ്ണമായ അപേക്ഷയുമായി വീണ്ടും ബോര്‍ഡിനെ സമീപിക്കാം.”
പത്മാവതി പരിശോധനയ്ക്ക് വരുന്നതിനനുസരിച്ചായിരിക്കും സിനിമയുടെ റിലീസിംഗും തീരുമാനിക്കപ്പെടുക എന്നും പത്മാവതിക്ക് മാത്രമായി എന്തെങ്കിലും തരത്തിലുള്ള പരിഗണന നല്‍കാനാവില്ലെന്നും ബോര്‍ഡ് അറിയിച്ചു. എന്നാല്‍ അപേക്ഷയില്‍ ഉണ്ടായിരുന്നത് ചെറിയ ടെക്നിക്കല്‍ തെറ്റുകളായിരുന്നെന്നും സിനിമ പരിശോധിക്കുന്നതില്‍ നിന്നും മാറിനില്‍ക്കാന്‍ തക്ക തെറ്റുകളൊന്നുമില്ലായിരുന്നെന്നും സിനിമയുടെ വിതരണക്കാര്‍ അറിയിച്ചു.
ദിപിക പദുക്കോണാണ് ടൈറ്റില്‍ റോളിലെത്തുന്നത്. ഷാഹിദ് കപൂറും, രണ്‍വീര്‍ സിംഗുമടക്കം വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.