ജയ്പൂര്‍: രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി കിരണ്‍ മഹേശ്വരിക്കെതിരെ ഭീഷണിയുമായി കര്‍ണിസേന. മന്ത്രിയുടെ മൂക്കും ചെവിയും അരിയുമെന്നാണ് കര്‍ണിസേനയുടെ ഭീഷണി.
കര്‍ണിസേനക്കെതിരായ മന്ത്രിയുടെ പ്രസ്താവനയാണ് സംഘടനയെ ചൊടിപ്പിച്ചത്. തിങ്കളാഴ്ച നടന്ന മന്ത്രിസഭാ വിശദീകരണ വാര്‍ത്താ സമ്മേളനത്തിനിടെയാണ് സംഭവം.
വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിന് മുന്‍പായി ബി.ജെ.പിക്കെതിരെ വലിയ കാമ്പയിനുമായി സര്‍വ് രജ്പുത് സമാജ് സംഘര്‍ഷ് സമിതി രംഗത്തെത്തുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മഴക്കാലമാവുമ്പോള്‍ മാളത്തില്‍ നിന്ന് പുറത്തിറങ്ങുന്ന എലികളെപ്പോലെയാണ് തെരഞ്ഞെടുപ്പുകാലത്ത് പൊന്തിവരുന്ന ഇവര്‍ എന്നായിരുന്നു മന്ത്രിയുടെ മറുപടി. മന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി സംഘടന രംഗത്തെത്തി.
മന്ത്രി തങ്ങളെ അപമാനിച്ചെന്നും മാപ്പ് പറഞ്ഞേ തീരൂവെന്നും കര്‍ണിസേന ആവശ്യപ്പെട്ടു. മന്ത്രി പത്മാവത് സിനിമയ്ക്ക് പിന്നാലെ ദീപിക പദുക്കോണിനുണ്ടായ അനുഭവം ഓര്‍ക്കണമെന്നും സംഘടന പറഞ്ഞു.
“” രജപുത് സംഘടനയുടെ കൂടി പിന്‍ബലത്തിലാണ് രാജസ്ഥാനില്‍ ബി.ജെ.പി ശക്തിയാര്‍ജ്ജിച്ചത്. ഇപ്പറഞ്ഞ എലികളുടെ സഹായത്തോടെയാണ് മഹേശ്വരി ഇവിടെ വിജയിച്ചത്. എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ അവരെ പാഠം പഠിപ്പിക്കും. അവരുടെ മണ്ഡലത്തിലെ 40000 പേരും രജപുത് വിഭാഗത്തില്‍പ്പെട്ടവരാണ്. എത്രയും പെട്ടെന്ന് മന്ത്രി മാപ്പ് പറയണം. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ പ്രസ്താവന ഇറക്കണം- കര്‍ണിസേന സ്റ്റേറ്റ് ചീഫ് മഹിപാല്‍ മക്രാന പറഞ്ഞു.
എന്നാല്‍ താന്‍ കര്‍ണിസേനയെ അപമാനിച്ചില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.