Advertisement
Padmaavat
ഒടുവില്‍ പത്മാവതിന് കൈയ്യടിച്ച് കര്‍ണിസേന; ചിത്രം രജപുതിനെ വാഴ്ത്തുന്നത്; പ്രതിഷേധ പരിപാടികള്‍ അവസാനിപ്പിച്ചതായും സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Feb 03, 07:11 am
Saturday, 3rd February 2018, 12:41 pm

മുംബൈ: ഒടുവില്‍ കര്‍ണിസേനയും അത് പറഞ്ഞു, പത്മാവത് രജപുതിനെ വാഴ്ത്തുന്ന ചിത്രം തന്നെ. സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു വര്‍ഷം നീണ്ട പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സിനിമയെ അംഗീകരിച്ചുകൊണ്ട് കര്‍ണിസേന രംഗത്തെത്തിയത്.

ചിത്രം രജപുതിനെ മഹത്വവത്ക്കരിക്കുന്നതാണെന്നും അതുകൊണ്ട് തന്നെ സിനിമയ്‌ക്കെതിരായ എല്ലാ പ്രതിഷേധങ്ങളും അവസാനിപ്പിക്കുകയാണെന്നും കര്‍ണിസേന അറിയിച്ചു.

“കര്‍ണിസേനയുടെ ദേശീയ പ്രസിഡന്റ് സുഖ്‌ദേവ് സിങ്ങും മറ്റ് അംഗങ്ങളും സിനിമ കണ്ടു. ചിത്രം രജപുതിനെ വാഴ്ത്തുന്നതാണെന്ന് മനസിലായി. മാത്രമല്ല ഓരോ രജപുത്രരും ഈ സിനിമ അഭിമാനത്തോടെ കണ്ടിരിക്കും. അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയുമായുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലില്ല. അതുകൊണ്ട് തന്നെ ചിത്രത്തിനെതിരായ എല്ലാ പ്രതിഷേധവും അവസാനിപ്പിക്കുകയാണ്. മാത്രമല്ല മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രം റീലീസ് ചെയ്യാനുള്ള സഹായങ്ങള്‍ തങ്ങള്‍ ചെയ്യാം”- കര്‍ണിസേനയുടെ മുംബൈ തലവന്‍ യോഗേന്ദ്ര സിങ് ഖട്ടാര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2016 ജനുവരിയില്‍ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ ആക്രമിച്ചുകൊണ്ടായിരുന്നു കര്‍ണിസേന ചിത്രത്തിനെതിരായ തങ്ങളുടെ പ്രതിഷേധം ആരംഭിച്ചത്. സിനിമയുടെ സെറ്റ് കത്തിച്ചും സംവിധായകനും താരങ്ങള്‍ക്കുമെതിരെ വധഭീഷണി വരെ മുഴക്കിയുമായിരുന്നു കര്‍ണിസേനയുടെ ആക്രമണം.

പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും പ്രണയരംഗങ്ങള്‍ സിനിമയില്‍ കാണിക്കുന്നുണ്ടെന്നും അത് ചരിത്രത്തെ വളച്ചൊടിക്കലാണെന്നും പറഞ്ഞായിരുന്നു പ്രതിഷേധം. എന്നാല്‍ അത്തരത്തിലുള്ള യാതൊരു സീനുകളും ചിത്രത്തിലില്ലെന്നും മാത്രമല്ല ചിത്രം രജപുതിനെ വാഴ്ത്തുന്നതാണെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടും കര്‍ണിസേന പ്രതിഷേധപരിപാടികളില്‍ നിന്നും പിന്നോക്കം പോയിരുന്നില്ല.

റിലീസിന് രണ്ടുദിവസം മാത്രം ശേഷിക്കേ പത്മാവത് സിനിമയ്‌ക്കെതിരെ ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജ്പുത് സംഘടനകള്‍ തെരുവിലിറങ്ങി പ്രതിഷേധം ശക്തമാക്കിയിരുന്നു. തീയേറ്ററുകള്‍ അടിച്ചുതകര്‍ത്തും സ്‌കൂള്‍ ബസ്സുകള്‍ വരെ ആക്രമിച്ചുമായിരുന്നു പ്രതിഷേധം.