ബംഗളൂരു: സർക്കാർ നിയമന പരീക്ഷകളിൽ ഹിജാബ് അനുവദിച്ച തീരുമാനം മാറ്റി കർണാടക സർക്കാർ. സർക്കാർ നടത്തുന്ന മത്സരപരീക്ഷകളിൽ തല മറക്കുന്ന വസ്ത്രങ്ങൾ വീണ്ടും നിരോധിച്ചു. നേരത്തെ സർക്കാർ മത്സര പരീക്ഷകളിൽ ശിരോവസ്ത്രം ധരിക്കാമെന്ന് കോൺഗ്രസ് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
കർണാടക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കർണാടക എക്സാമിനേഷൻ കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം. സംസ്ഥാനത്തിലെ സർക്കാർ സ്ഥാപനങ്ങളിലേക്കും ബോർഡുകളിലേക്കുമുള്ള നിയമനങ്ങളിൽ ഈ കമ്മിറ്റിയാണ് പരീക്ഷ നടത്തുന്നത്.
നിലവിലെ തീരുമാനം താത്കാലികമായിരിക്കും എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഹിജാബ് നിരോധനം പിൻവലിക്കുക എന്നത്. ഇതിന്റെ ഭാഗമായാണ് സർക്കാർ സർക്കാർ നിയമന പരീക്ഷകളിലെ ഹിജാബ് നിരോധനം പിൻവലിച്ചത്. മറ്റു പരീക്ഷകളിൽ നിന്നും ഘട്ടം ഘട്ടമായി വിലക്ക് നീക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ അറിയിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ ബി.ജെ.പി സർക്കാർ നിയമനിർമാണം നടത്തിയ ഹിജാബ് നിരോധന നിയമം ഇപ്പോഴും നിലനിൽക്കുന്നതിനാൽ നിയമക്കുരുക്ക് ഉണ്ടാകുമെന്ന് കണക്കിലെടുത്താണ് എക്സാമിനേഷൻ കമ്മിറ്റി ഹിജാബ് അനുവദിച്ച തീരുമാനം പിൻവലിച്ചത്.
അതേസമയം ഹിജാബ് എന്ന് ഉത്തരവിൽ പരാമർശിക്കുന്നില്ല. തലയിൽ ധരിക്കുന്ന വസ്ത്രങ്ങൾ പാടില്ലെന്നാണ് പറയുന്നത്.
ഹിജാബ് നിരോധനം പിൻവലിക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയാൽ മാത്രമേ സംസ്ഥാനത്ത് ഹിജാബ് അനുവദനീയമാക്കുന്നതിന് നിയമസാധുത ലഭിക്കുകയുള്ളൂ.national news
Content Highlight: Karnataka withdrawn decision to allow hijab in Government recruitment exams