ബെംഗളൂരു: ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബാസവരാജ് ബൊമ്മൈ. നിയമം തയ്യാറാക്കുന്നതിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ഓഡിനന്‍സ് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ബാസവരാജ് അറിയിച്ചു.
‘ഉത്തര്‍പ്രദേശും ഹരിയാനയും മധ്യപ്രദേശും ഈ നിയമത്തെപ്പറ്റി ചിന്തിച്ചു തുടങ്ങിയ സമയത്ത് ഞങ്ങളും ഇത് എങ്ങനെയാണ് നടത്തേണ്ടതെന്ന് ആലോചിക്കുകയായിരുന്നു. വൈകാതെ തന്നെ ഇത് നടപ്പിലാക്കും. മുഖ്യമന്ത്രിയും ഇതിന് സമ്മതിച്ചിട്ടുണ്ട്.’ ബാസവരാജ പറഞ്ഞു.
അതേസമയം വിവാഹ പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലികാവകാശമെന്ന് കര്‍ണാടക ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. പ്രായപൂര്‍ത്തി ആയ ഒരു വ്യക്തിക്ക് തിരഞ്ഞെടുത്ത ആളെ വിവാഹം കഴിക്കാന്‍ ഭരണഘടനാ പരമായി അധികാരമുണ്ടെന്നും ഇതിനായി ജാതിയോ മതമോ പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ഈ വിധി ചര്‍ച്ചയാകുന്നതിനിടയിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന.
രമ്യ എന്ന യുവതിയെ വീട്ടുകാരുടെ തടവില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ യുവാവ് വജീദ് ഖാന്‍ നല്‍കിയ ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. കേസില്‍ യുവതിയുടെ വാദം കേട്ടതിന് പിന്നലെയാണ് കര്‍ണാടക
കോടതി ഇക്കാര്യം പറഞ്ഞത്.
സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ രമ്യ എന്ന യുവതിയെ താനുമായുള്ള വിവാഹത്തില്‍ നിന്ന് അവരുടെ മാതാപിതാക്കള്‍ തടയുകയാണെന്നും രമ്യയെ ഹാജരാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് വജീദ് ഹരജി നല്‍കിയത്.
ബെംഗളൂരു വിദ്യാരണ്യപുരയിലുള്ള മഹിള ദക്ഷത സമിതി കേന്ദ്രത്തില്‍ കഴിയുന്ന യുവതിയും മാതാപിതാക്കള്‍ക്കെതിരെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.തന്റെ സഹപ്രവര്‍ത്തകന്‍കൂടിയായ ഹരജിക്കാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്നും എന്നാല്‍, മാതാപിതാക്കള്‍ തടസ്സം നില്‍ക്കുകയാണെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു.
ഭരണഘടന നല്‍കുന്ന മൗലികാവകാശപ്രകാരം പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളവരെ വിവാഹ പങ്കാളിയായി സ്വീകരിക്കാമെന്നും ആ സ്വാതന്ത്ര്യ പ്രകാരം രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ മതത്തിന്റേയോ ജാതിയുടേയും പേരില്‍ മറ്റൊരാള്‍ക്കും ഇടപെടാനാവില്ലെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് എസ്. സുജാത, സച്ചിന്‍ മാഗധം എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ലവ് ജിഹാദ് തടയുന്നതിനുള്ള നിയമ നിര്‍മാണത്തിനെതിരെ നേരത്തെ അലഹബാദ് ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് പങ്കജ് നഖ്വിയും വിവേക് അഗര്‍വാളുമടങ്ങുന്ന ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
ഏത് മതത്തില്‍ വിശ്വസിക്കുന്ന ആളായാലും ഇഷ്ടപ്പെട്ട വ്യക്തിയോടൊപ്പം ജീവിക്കാനുള്ള അയാളുടെ അവകാശം ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ അവരുടെ സ്വന്തം ഇഷ്ടത്തിന് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ അതിന് തടയിടാന്‍ ഒരു സര്‍ക്കാരിനും സാധിക്കില്ലെന്നും കോടതി പറഞ്ഞിരുന്നു.
‘സ്വന്തം ലിംഗത്തില്‍ പെട്ടവര്‍ക്കുവരെ ഒന്നിച്ച് സ്വസ്ഥമായി ജീവിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ അവരുടെ സ്വന്തം ഇഷ്ടത്തിന് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ അതിന് തടയിടാന്‍ ഒരു വ്യക്തിക്കോ കുടുംബത്തിനോ സര്‍ക്കാരിനോ കഴിയില്ല. ഇക്കാര്യം നമ്മള്‍ മനസ്സിലാക്കാതെ പോകുകയാണ്.’ എന്നായിരുന്നു കോടതിയുടെ വാക്കുകള്‍.
അതേസമയം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ലവ് ജിഹാദ് എന്നൊന്ന് നിയമത്തില്‍ നിര്‍വചിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള കേസുകളൊന്നും കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ‘ലവ് ജിഹാദ്’ തടയാന്‍ എന്ന പേരില്‍ യു.പി സര്‍ക്കാര്‍ കൊണ്ടുവന്ന ഓഡിനന്‍സിന് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ അംഗീകാരം നല്‍കിയത്. നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവര്‍ത്തനം തടയല്‍ ഓര്‍ഡിനന്‍സ് യോഗി സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.
‘ലവ് ജിഹാദ്’ തടയാനെന്ന പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. ഒരു കൂട്ടം നിയമവിദ്യാര്‍ത്ഥികളാണ് യോഗി സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക