national news
ബാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ചെന്നത് ശരിയല്ലെന്ന് കര്‍ണാടക വഖഫ് ബോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 18, 08:13 am
Thursday, 18th March 2021, 1:43 pm

ബെംഗളൂരു: പള്ളികള്‍ക്കും ദര്‍ഗകള്‍ക്കും കര്‍ണാടകയിലെ വഖഫ് ബോര്‍ഡ് നല്‍കിയ സര്‍ക്കുലര്‍ വിവാദമായതോടെ പ്രതികരണവുമായി കര്‍ണാടക സംസ്ഥാന വഖഫ് ബോര്‍ഡ്.

പള്ളികളിലും ദര്‍ഗകളിലും ഏര്‍പ്പെടുത്തിയ ഉച്ചഭാഷിണി നിരോധനം ബാങ്ക് വിളിയെ ബാധിക്കില്ലെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് അറിയിച്ചു.

ബാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ചെന്നത് ശരിയല്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സുബഹി ബാങ്കിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു തടസ്സമില്ലെന്നും വഖഫ് ബോര്‍ഡ് അറിയിച്ചു.

കര്‍ണാടകയില്‍ ബാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയെന്ന സര്‍ക്കുലര്‍ ഇറങ്ങിയിരുന്നു. ശബ്ദ മലിനീകരണം തടയുന്നതിനാണ് ഉച്ചഭാഷിണികളുടെ ഉപയോഗം തടയാനുള്ള തീരുമാനമെടുത്തതെന്നായിരുന്നു വഖഫ്‌ബോര്‍ഡിന്റെ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ സുബഹി ബാങ്കിനെ നിയന്ത്രിക്കാനല്ല സര്‍ക്കുലര്‍ ആവശ്യപ്പെടുന്നതെന്നാണ് വഖ്ഫ് ബോര്‍ഡ് അറിയിച്ചത്. മുന്‍ സര്‍ക്കുലറിലെ ഉള്ളടക്കങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതിനാലാണ് വഖ്ഫ് ബോര്‍ഡ് സി.ഇ.ഒ വൈ.എം മുഹമ്മദ് യൂസഫ് ബുധനാഴ്ച പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

Content Highlights:Karnataka Waqf board clarifies amid row over morning-azan circular