ബെംഗളൂരു: അച്ഛന്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് കര്‍ണാടക ആഗ്രഹിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ. കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം ഉണ്ടാകുമെന്നും കേവല ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു.
‘ബി.ജെ.പിയെ പുറത്താക്കാന്‍ ഞങ്ങള്‍ എന്തും ചെയ്യും. കര്‍ണാടകയുടെ ആഗ്രഹം എന്റെ അച്ഛന്‍ മുഖ്യമന്ത്രിയാകുക എന്നതാണ്. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കും. ഞങ്ങളുടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ട്.
ഒരു മകനെന്ന നിലയില്‍ അദ്ദേഹം മുഖ്യമന്ത്രിയാകുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കഴിഞ്ഞ ഭരണം മികച്ചതായിരുന്നു. വീണ്ടും അദ്ദേഹം തന്നെ ഭരണത്തില്‍ വന്നാല്‍ ബി.ജെ.പി ഭരണത്തിലുണ്ടായ അഴിമതികളും ദുര്‍ഭരണവും ഇല്ലാതാക്കാന്‍ സാധിക്കും,’ യതീന്ദ്ര പറഞ്ഞു.
കര്‍ണാടകയില്‍ വോട്ടെണ്ണല്‍ തുടങ്ങി ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസിന് തന്നെയാണ് മുന്‍തൂക്കം. നിലവില്‍ കോണ്‍ഗ്രസ്- 113, ബി.ജെ.പി- 81, ജെ.ഡി.എസ്- 24, മറ്റുള്ളവര്‍- 3 എന്നിങ്ങനെയാണ് വോട്ട് നില.
113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇതുവരെയുള്ള ഫലം നല്‍കുന്ന സൂചന കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നാണ്.
മെയ് 10ാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്നത്. 224 മണ്ഡലങ്ങളിലെ 2163 സ്ഥാനാര്‍ത്ഥികളുടെ വിധിയാണ് ഇന്ന് അറിയുക. 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടന്നു കൊണ്ടിരിക്കുന്നത്.
content highlight: Karnataka wants father to be CM; Yathindra Siddaramaiah that Congress will get an absolute majority