| Saturday, 25th April 2020, 3:16 pm

മംഗളൂരുവില്‍ കൊവിഡ് രോഗിയുടെ സംസ്‌ക്കാരം തടഞ്ഞ് ബി.ജെ.പി എം.എല്‍.എ; മൂന്നിടത്ത് എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മൃതദേഹം സംസ്‌ക്കരിക്കാനായില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

മംഗളൂരു: മംഗളൂരുവില്‍ കൊവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നത് തടഞ്ഞു. ബി.ജെ.പിയുടെ മംഗളൂരു നോര്‍ത്ത് എം.എല്‍.എ ഭരത് ഷെട്ടിയുടെ നേതൃത്വത്തില്‍ നാട്ടുകാരാണ് സംസ്‌ക്കാരം തടഞ്ഞത്. നാല് പൊതുശ്മശാനങ്ങളില്‍ മൃതദേഹം എത്തിച്ചെങ്കിലും ഒരിടത്തും സംസ്‌ക്കരിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. ഒടുവില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം സംസ്‌ക്കരിക്കാന്‍ സാധിച്ചത്.

ദക്ഷിണ കന്നഡ ജില്ലയിലെ നാട്ടുകാരായിരുന്നു മൃതദേഹം സംസ്‌ക്കരിക്കുന്നതിനെതിരെ ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ 40 കിലോമീറ്ററോളം ദൂരെയുള്ള മറ്റൊരു ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോയെങ്കിലും അവിടെയും സംസ്‌ക്കരിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. ആളുകളെ കാര്യങ്ങള്‍ പറഞ്ഞുബോധ്യപ്പെടുത്തുന്നതിന് പകരം എം.എല്‍.എ കൂടിയായ ഭരത് ഷെട്ടി ആളുകള്‍ക്കൊപ്പം നിന്ന് ഇതിനെ എതിര്‍ക്കുകയായിരുന്നു.

മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിയില്‍ വെച്ചാണ് 75 കാരിയായ സ്ത്രീ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നാല് ദിവസം മുന്‍പ് ഇവരുടെ മരുമകളും കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. ന്യൂമോണിയും പക്ഷാഘാതവും ഇവര്‍ക്ക് നേരത്തെ തന്നെ പിടിപെട്ടിരുന്നു.

50 കാരിയായ മരുമകള്‍ക്ക് ഭര്‍ത്താവിന്റെ അമ്മയായ 75 കാരിയില്‍ നിന്നാണ് രോഗം പിടിപെട്ടത് എന്നാണ് അറിയുന്നത്. ബാങ്ക് ജീവനക്കാരിയായിരുന്നു ഇവര്‍. 50 കാരിയുടെ മൃതദേഹം വെന്‍ലോക്ക് ആശുപത്രിക്ക് സമീപം തന്നെ സംസ്‌ക്കരിച്ചിരുന്നു. എന്നാല്‍ 75 കാരിയായ സ്ത്രീയെ മംഗളൂരുവിലെ പച്ചനദിയ്ക്കടുത്തായി സംസ്‌ക്കരിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കമാണ് നാട്ടുകാര്‍ തടഞ്ഞത്.

ഇതിന് ശേഷം മുദുഷെദ്ദെ എന്ന പ്രദേശത്തും നദിഗുഡെയെന്ന സ്ഥലത്തും എത്തിച്ചെങ്കിലും പ്രതിഷേധം കാരണം സംസ്‌ക്കരിക്കാന്‍ ആയില്ല. തുടര്‍ന്ന് ബന്‍ത്‌വാളിലെ ശ്മശാനത്തിലേക്ക് മൃതദേഹം എത്തിക്കുകയും നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ അവിടെ സംസ്‌ക്കാരം നടത്തുകയുമായിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്.

തന്നെ ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്നും അതുകൊണ്ടാണ് സംസ്‌ക്കാരം നടത്താന്‍ തന്റെ മണ്ഡലത്തില്‍ അനുവദിക്കാത്തതെന്നുമാണ് മംഗളൂര്‍സിറ്റി എം.എല്‍.എ ഡോ. വൈ. ഭരത് ഷെട്ടി പറഞ്ഞത്.

സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് പറഞ്ഞ് മുഡ്ബിദ്രെയിലെ എം.എല്‍.എയായ ഉമാകാന്തും സംസ്‌ക്കാരം നടത്താന്‍ അനുവദിച്ചിരുന്നില്ല.

അതേസമയം ജനപ്രതിനിധികളുടെ നടപടിക്കെതിരെ ജില്ലാ ഭരണകൂടം രംഗത്തെത്തി. ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞുബോധ്യപ്പെടുത്തുകയും അവരുടെ ആശങ്ക ഇല്ലാതാക്കുകയും ചെയ്യേണ്ടവര്‍ അതിന് തയ്യാറാകുന്നില്ലെന്ന് മാത്രമല്ല അടിസ്ഥാനമില്ലാത്ത ഭയം അവര്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കുകയാണെന്നും പറഞ്ഞു.

അതേസമയം കൊവിഡ് രോഗിയുടെ സംസ്‌ക്കാരം തടഞ്ഞ എം.എല്‍.എമാരുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്തെത്തി. എം.എല്‍.എമാരുടെ നടപടി നിയമവിരുദ്ധം മാത്രമല്ല മനുഷ്യത്വ വിരുദ്ധമാണെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more