ബെംഗളൂരു: ‘ഇത് കൂട്ടമായ ലീഡര്‍ഷിപ്പിന്റെ ഫലമാണ്. ഒരുമിച്ച് നിന്നാല്‍ വിജയിക്കുമെന്ന് തുടക്കത്തില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു,’ കര്‍ണാടക തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം കാഴ്ച വെച്ചതിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി. കെ.ശിവകുമാര്‍ ഇടറിയ വാക്കുകളിലൂടെ പ്രതികരിക്കുകയായിരുന്നു. താഴെത്തട്ട് മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഇപ്പോഴും കോണ്‍ഗ്രസിന് വിജയം കൈപ്പിടിയിലാണെന്നതിന്റെ ഉദാഹരണമാണ് ഇന്ന് കര്‍ണാടക.
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ചേരിതിരിവുകളെല്ലാം മാറ്റി വെച്ച് കോണ്‍ഗ്രസ് ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് കണ്ടത്. സോണിയാ ഗാന്ധി മുതലുള്ള മുതിര്‍ന്ന നേതാക്കള്‍ തമ്പടിച്ച് കൊണ്ടുള്ള പ്രചാരണമാണ് നടത്തിയത്.
രാഹുല്‍ ഗാന്ധിയെ എം.പി. സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ രാഷ്ട്രീയ യുദ്ധം നിലനില്‍ക്കേ വന്ന തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ടായിരുന്നു. 2018ലെ തെരഞ്ഞെടുപ്പില്‍ കോലാറില്‍ നടത്തിയ മോദി പരാമര്‍ശ കേസിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി കര്‍ണാടക തെരഞ്ഞെടുപ്പിലൂടെ തന്നെ വിജയിച്ചു കയറുകയായിരുന്നു. നേരത്തെ ത്രിപുര തെരഞ്ഞെടുപ്പ് സമയത്ത് കാര്യമായി പ്രചരണത്തിന് പങ്കെടുക്കാതിരുന്ന രാഹുല്‍ കര്‍ണാടകയിലെ നിറസാന്നിധ്യമായി മാറി. കോലാര്‍, ശിവമോഗ തുടങ്ങിയ മണ്ഡലങ്ങളിലെ പ്രചരണത്തിന് വലിയ ജനാവലി തന്നെയുണ്ടായിരുന്നു.
കര്‍ണാടകയിലെ എല്ലാ പ്രശ്‌നങ്ങളും എടുത്തു പറഞ്ഞായിരുന്നു കോലാറിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരിക്കേ നടത്തിയ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് കോലാറില്‍ രാഹുല്‍ ആവശ്യപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു.
രാഹുലിന്റെ ജോഡോ യാത്ര നല്‍കിയ തരംഗവും കെട്ടടങ്ങിയിട്ടുണ്ടായിരുന്നില്ല. യാത്രയുടെ ഭാഗമായി കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധി 20 മണ്ഡലങ്ങളില്‍ സഞ്ചരിച്ചിരുന്നു. അവിടങ്ങളിലൊക്കെയും ബി.ജെ.പി തോറ്റുവെന്ന കണക്കുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.
ശാരീരികാസ്വസ്ഥതകള്‍ പോലും മാറ്റിവെച്ച് ബി.ജെ.പി വിട്ട് വന്ന ജഗദീഷ് ഷെട്ടാറിന് വേണ്ടി സോണിയ ഗാന്ധിയും നേരിട്ട് വന്ന് പ്രചാരണം നടത്തി. പ്രിയങ്ക ഗാന്ധിയുടെ കോലാറിലെയും ബെംഗളൂരുവിലെയും സാന്നിധ്യവും ചലനമുണ്ടാക്കി. എ.ഐ.സി.സി അധ്യക്ഷന്‍ മല്ലകാര്‍ജുന്‍ ഖാര്‍ഗെയുടെ ഇടപെടലും സ്വന്തം സംസ്ഥാനത്തെ വിജയക്കുതിപ്പിലെത്തിച്ചു.
തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും ശിവകുമാറിന്റെയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും പ്രവര്‍ത്തനങ്ങള്‍ ഒറ്റക്കെട്ടായിരുന്നു. രണ്ട് പേരും തമ്മിലുള്ള എല്ലാ വിഭാഗീയതകളും മാറ്റി നിര്‍ത്തി കൊണ്ടുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളും ഇവിടെയുണ്ടായി. നേരത്തെ മുഖ്യമന്ത്രി ആരാകണമെന്നുള്ള കാര്യത്തില്‍ പോലും ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം രൂക്ഷമായിരുന്നു.
തനിക്ക് മുഖ്യമന്ത്രിയാകണമെന്ന് സിദ്ധരാമയ്യ പരോക്ഷമായി തന്നെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന് ശിവകുമാറും തിരിച്ചടിച്ചിരുന്നു. എന്നാല്‍ പലയിടങ്ങളിലും കോണ്‍ഗ്രസില്‍ കണ്ട കാലു വാരലുകളോ, കൊഴിഞ്ഞുപോക്കോ തെരഞ്ഞെടുപ്പ് സമയത്ത് കര്‍ണാടകയില്‍ ഉണ്ടായിരുന്നില്ല.
ശിവകുമാറിനെതിരെ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് സിദ്ധരായ്യ നല്‍കിയതെന്ന വ്യാജ കത്തും തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പ്രചരിച്ചു. എന്നാല്‍ ഇതൊന്നും കര്‍ണാടകയിലെ കോണ്‍ഗ്രസിനെ ഭിന്നിപ്പിക്കാന്‍ സാധിച്ചില്ല.
മറുവശത്ത് അനൈക്യത്തിലും പ്രശ്ങ്ങളിലൂടെയും നീങ്ങിയിരുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ നിന്ന് തെഞ്ഞെടുപ്പ് പ്രചരണം ഏറ്റെടുത്തത് ദേശീയ നേതൃത്വവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ്. ഒരു രാജ്യത്തെ പ്രധാനമന്ത്രി തന്നെ നേരിട്ട് തെരഞ്ഞെടുപ്പ് റാലിക്കെത്തുകയായിരുന്നു. ഈ അടുത്ത കാലത്തൊന്നും മോദി ഇത്ര സജീവമായ ഒരു തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ഉണ്ടായിട്ടില്ല. എന്ത് വന്നാലും കര്‍ണാടക വിട്ടുകൊടുക്കില്ലെന്ന് തന്നെയായിരുന്നു മോദിയുടെ റാലികള്‍ സൂചിപ്പിച്ചത്.
അണികളെ കൊണ്ട് പുഷ്പവൃഷ്ടി നടത്തിച്ച്, ജയ് ശ്രീറാം അടക്കമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി കൊണ്ടാണ് 26 കിലോമീറ്റര്‍ റോഡ് ഷോ ബെംഗളൂരുവില്‍ മോദി നടത്തിയത്. തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകരും റാലിയില്‍ ഭാഗമായി.
ഇരുപതോളം റാലിയിലാണ് ഇത്തവണ മോദി പങ്കെടുത്തത്. ബെംഗളൂരു, ശിവമോക റൂറല്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം മോദിയുടെ റാലികളും പൊതുയോഗങ്ങളുമുണ്ടായി. ഈ റാലികളിലെല്ലാം ഭിന്നിപ്പിന്റെ ശ്രമങ്ങളുള്ള രാഷ്ട്രീയ പ്രസംഗങ്ങള്‍ നടത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
കര്‍ണാടകയില്‍ പിണങ്ങി നിന്നിരുന്ന ബി.ജെ.പി നേതാക്കളെ അനുനയിപ്പിക്കാനും മോദി തന്നെ നേരിട്ടെത്തി. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഈശ്വരപ്പ കോണ്‍ഗ്രസിലേക്ക് പോകാനൊരുങ്ങിയ വേളയില്‍ തന്നെ മോദി നേരിട്ട് ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ ആ ശ്രമങ്ങള്‍ പാഴായി പോയി.
മോദി മാത്രമായിരുന്നില്ല, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് കേന്ദ്ര മന്ത്രിമാരുമെല്ലാം കര്‍ണാടകയില്‍ മാത്രം ഊന്നല്‍ നല്‍കി. ഓരോ റാലിയിലും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു അമിത് ഷാ നടത്തിയത്. നാല് ശതമാനം മുസ്‌ലിം സംവരണം എടുത്തു കളയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഒരു ഭാഗത്ത് നേതാക്കള്‍ തകൃതിയായി പ്രചരണം നടത്തിയപ്പോള്‍ മറുഭാഗത്ത് പണക്കൊഴുപ്പിലൂടെ ആളുകളെ വീഴ്ത്താന്‍ ബി.ജെ.പി മറന്നില്ല. ഗുല്‍ബര്‍ഗ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ബി.ജെ.പി ആക്ടിവിസ്റ്റുകള്‍ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്ന വീഡിയോ ഉള്‍പ്പെടെ പുറത്ത് വന്നിരുന്നു. മറ്റ് ഇടങ്ങളിലാകട്ടെ ബി.ജെ.പിയുടെ പ്രാദേശിക നേതാക്കള്‍ വോട്ടര്‍മാര്‍ക്ക് സാരിയും ചിക്കന്‍ അടക്കമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും നല്‍കി സ്വാധീനിച്ചു.
ഇതിനെതിരെ നേരത്തെ തന്നെ സിദ്ധരാമയ്യയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ മുന്നില്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും വെക്കാനില്ലാത്തതിനാല്‍ പണത്തിന്റെ ശക്തി ഉപയോഗിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
ഭിന്നിപ്പിന്റേയും വെറുപ്പിന്റേയും രാഷ്ട്രീയം മാത്രം പറഞ്ഞ് ബി.ജെ.പി വോട്ട് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ വികസനത്തിലും മതനിരപേക്ഷതയിലുമൂന്നി മുന്നോട്ടു പോകാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിന് ലഭിച്ച സ്വീകാര്യത തന്നെയാണ് ഒരര്‍ത്ഥത്തില്‍ കര്‍ണാടകയില്‍ ലഭിച്ച ഈ ഉജ്ജ്വല വിജയം.
ഇത്തവണത്തെ കര്‍ണാടക തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നല്‍കുന്നത് ഒരു പാഠമാണ്. താഴെത്തട്ട് മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍, പരസ്പരമുള്ള പോര്‍വിളികള്‍ അവസാനിപ്പിച്ചാല്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ തള്ളിക്കളയില്ലെന്ന പാഠം. കൂടാതെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നുളള മാതൃക കൂടി കര്‍ണാടക തുറന്ന് വെക്കുന്നു.
content highlight: Karnataka, together is a lesson; The lesson is that if you work hard, you will succeed