ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഫ്‌ളൈ ഓവറിന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ സവര്‍ക്കറുടെ പേരിടാന്‍ തീരുമാനിച്ച് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍. യെലഹങ്കയിലെ മേജര് സന്ദീപ് ഉണ്ണികൃഷ്ണന്‍ റോഡില്‍നിന്നും 400 മീറ്റര്‍ നീളമുള്ള ഫ്‌ളൈ ഓവറിനാണ് സവര്‍ക്കറുടെ പേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
സവര്‍ക്കറുടെ ജന്മദിനത്തിലാണ് ഫ്‌ളൈ ഓവറിന്റെ ഉദ്ഘാടനം. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആഘോഷങ്ങള്‍ ചുരുക്കാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. യെദിയൂരപ്പ സര്‍ക്കാരിന്റെ ഈ തീരുമാനത്തെ വിമര്‍ശിച്ച് ജെ.ഡി.യു രംഗത്തെത്തി. ‘ഈ തീരുമാനം സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്കായി പോരാടുന്നവരെ അപമാനിക്കുന്നതാണ്. ഇതിന് ഒരു സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത് ശരിയല്ല’, കുമാരസ്വാമി പറഞ്ഞു.
സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി പ്രവര്‍ത്തിച്ച ഒരുപാട് പ്രമുഖര്‍ ജീവിച്ച മണ്ണാണിത്. ഫ്‌ളൈഓവറിന് അവരുടെ പേര് നല്‍കാമായിരുന്നു. തീരുമാനത്തില്‍നിന്നും പിന്മാറണമെന്ന് ജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.