പാഠപുസ്തകങ്ങളുടെ കാവിവല്‍ക്കരണം; പ്രതിഷേധം കടുപ്പിച്ച് എഴുത്തുകാര്‍; സിലബസില്‍ നിന്നും എഴുത്ത് പിന്‍വലിച്ച് ഡോ. ജി. രാമകൃഷ്ണ, പ്രൊഫ. എസ്.ജി. സിദ്ധരാമയ്യ, ദേവാനൂര്‍ മഹാദേവ
ബെംഗളൂരു: കര്‍ണാടകയില്‍ പാഠപുസ്തകങ്ങളുടെ സിലബസില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള കാവിവല്‍ക്കരണത്തിനെതിരെ എഴുത്തുകാരുടെ പ്രതിഷേധം ശക്തമാകുന്നു.
ജൂണ്‍ മൂന്നാം തീയതി നടക്കുന്ന ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി) സമിതിയെ ആദരിക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ സമിതി തലവനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ വി.പി. നിരഞ്ജനാരാധ്യ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം, വിഷയം കോടതിയിലെത്തുന്ന അവസ്ഥ വരില്ലെന്നാണ് പ്രതീക്ഷയെന്ന് എഴുത്തുകാരന്‍ ഡോ. ജി. രാമകൃഷ്ണ പറഞ്ഞു. പാഠപുസ്തകങ്ങളുടെ കാവിവല്‍ക്കരണത്തില്‍ പ്രതിഷേധിച്ച്, ഭഗത് സിംഗിനെക്കുറിച്ചുള്ള തന്റെ എഴുത്ത് സ്‌കൂള്‍ ടെക്സ്റ്റ്ബുക്കുകളില്‍ ഉള്‍പ്പെടുത്തുന്നതിന് നല്‍കിയ അനുമതിയും അദ്ദേഹം പിന്‍വലിച്ചു.
എഴുത്തുകാരനായ ദേവാനൂര്‍ മഹാദേവയും തന്റെ വര്‍ക്ക് പാഠപുസ്തകത്തില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്.
വിഖ്യാത കന്നഡ കവിയും എഴുത്തുകാരനുമായ കുവെംപുവിനെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയ ടെക്സ്റ്റ്ബുക്ക് റിവിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രോഹിത് ചക്രതീര്‍ഥയ്‌ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഇതേത്തുടര്‍ന്നാണ് എഴുത്തുകാര്‍ കൂട്ടത്തോടെ വിവിധ സര്‍ക്കാര്‍ കമ്മിറ്റികളില്‍ നിന്നും രാജി വെച്ചത്.
കഴിഞ്ഞ ദിവസം എഴുത്തുകാരായ എസ്.ജി. സിദ്ധരാമയ്യ (ജി.എസ്. ശിവരുദ്രപ്പ പ്രതിഷ്ഠാന്‍ ട്രസ്റ്റ് പ്രസിഡന്റ് സ്ഥാനം), എച്ച്.എസ്. നാഗവേന്ദ്ര റാവു, നടരാജ ബുടലു, ചന്ദ്രശേഖര്‍ നന്‍ഗ്ലി, ഹംപ നാഗരാജയ്യ എന്നിവര്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു.
മത വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ പെരുമാറ്റങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനവും നടപടി സ്വീകരിക്കാതിരിക്കുന്നതും ഞങ്ങളില്‍ ഭയമുളവാക്കുന്നുവെന്ന് രാജിക്കത്തില്‍ എഴുത്തുകാര്‍ പറഞ്ഞു.
തന്റെ കവിതകള്‍ ഒമ്പതാം ക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതിന് നല്‍കിയ അനുമതി പ്രൊഫ. എസ്.ജി. സിദ്ധരാമയ്യ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
കുവെംപുവിനെയും സംസ്ഥാന ഗാനത്തെയും അപമാനിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുകയും അവരെ തന്നെ ഔദ്യോഗിക കമ്മിറ്റികളുടെ ഭാഗമാക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഹംപ നാഗരാജയ്യ ‘രാഷ്ട്രകവി കുവെംപു പ്രതിഷ്ഠാന’ പ്രസിഡന്റ് സ്ഥാനം രാജി വെച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ എഴുത്തുകാര്‍ ഉയര്‍ത്തുന്ന പ്രതിഷേധം ബി.ജെ.പിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.
കര്‍ണാടക പാഠപുസ്തകത്തില്‍ ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയ ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനത്തില്‍ നേരത്തെ തന്നെ പ്രതിഷേധം ശക്തമായിരുന്നു.
2022- 2023 അധ്യയന വര്‍ഷത്തേക്കുള്ള സംസ്ഥാന സിലബസിലെ പത്താം ക്ലാസിലെ കന്നഡ ഭാഷാ പാഠ പുസ്തകത്തിലാണ് ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭഗത് സിംഗ്, മൂര്‍ത്തി റാവു, സാറ അബൂബക്കര്‍ എന്നിവരെയും ഇടത് ചിന്തകരും എഴുത്തുകാരുമായ മറ്റ് ആളുകളെയും പറ്റിയുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ് ആര്‍.എസ്.എസ് സ്ഥാപകന്റെ പ്രസംഗം പുസ്തകത്തില്‍ ചേര്‍ത്തത്.
മാധ്യമപ്രവര്‍ത്തകന്‍ പി. ലങ്കേഷിന്റെ മുരുഗ മട്ടു സുന്ദരി, ഇടതുചിന്തകന്‍ ജി. രാമകൃഷ്ണയുടെ ഭഗത് സിംഗ് എന്നീ പാഠഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ് പുസ്തകത്തില്‍ ഹെഡ്‌ഗേവാറിനെ ഉള്‍പ്പെടുത്തിയത്.
ശിവാനന്ദ കലവെയുടെ സ്വദേശി സുത്രദ സരല ഹബ്ബ, എം. ഗോവിന്ദ പൈയുടെ നാനു പ്രാസ ബിട്ട കഥെ എന്നിവയും പുതുതായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്