ബെംഗളൂരു: ശിവമോഗയില്‍ അഞ്ചാം ക്ലാസിലെ രണ്ട് മുസ്‌ലിം വിദ്യാര്‍ത്ഥികളോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞ അധ്യാപികക്ക് സ്ഥലം മാറ്റം. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ മഞ്ജുള ദേവിക്കെതിരെയാണ് നടപടി. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തി കൂടുതല്‍ നടപടി സ്വീകരിക്കാനും കര്‍ണാടക വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ ടിപ്പു നഗറിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ക്ലാസില്‍ ബഹളം ഉണ്ടാക്കിയെന്നാരോപിച്ച് ‘ഇന്ത്യ നിങ്ങളുടെ രാജ്യമല്ല, പാകിസ്ഥാനിലേക്ക് പോകൂ’ എന്നാണ് മഞ്ജുള ദേവി വിദ്യാര്‍ത്ഥികളോട് പറഞ്ഞത്. ഇതിനെതിരെ ശിവമോഗയിലെ ജെ.ഡി.എസ് നേതാവ് എ. നസ്റുള്ളയാണ് പൊലീസില്‍ പരാതി നല്‍കിയത്.
വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും അധ്യാപികയെ സ്ഥലം മാറ്റിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (ശിവമോഗ) പരമേശ്വരപ്പ സി.ആര്‍ പ്രതികരിച്ചു. വ്യാഴാഴ്ചയാണ് പരാതി ലഭിച്ചതെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികക്കെതിരെ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ സംഭവം മാതാപിതാക്കളെ അറിയിക്കുകയും അവര്‍ പ്രദേശത്തെ നേതാക്കളെ അറിയിക്കുകയുമായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.