ബെംഗളൂരു: ഹിജാബിന്റെ (ശിരോവസ്ത്രം) പേരിലുള്ള തര്‍ക്കങ്ങളും വിവാദങ്ങളും പുകയുമ്പോള്‍, സംസ്ഥാനത്തെ ചില കോളേജുകള്‍ കൈക്കൊണ്ട തീരുമാനങ്ങളും വിവാദമാകുന്നു.
ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജിനുള്ളില്‍ പ്രവേശിക്കാമെന്നും എന്നാല്‍ ഇവര്‍ക്ക് അധ്യയനം ഉണ്ടായിരിക്കില്ലെന്നും, മറ്റൊരു ക്ലാസ് മുറിയില്‍ ഇരിക്കണമെന്നുമാണ് കോളേജ് നിലപാടെടുത്തിരിക്കുന്നത്.
ഉഡുപ്പിയിലെ ജൂനിയര്‍ പി.യു കോളേജാണ് ഇത്തരത്തില്‍ വിദ്യാര്‍ത്ഥിനികളെ മാറ്റിയിരുത്തിയതും ക്ലാസ് എടുക്കാതെ നിന്നതും. കോളേജ് ഗെയ്റ്റിന് മുന്നില്‍ വിദ്യാര്‍ത്ഥിനികള്‍ കൂട്ടം ചേരാതിരിക്കാനാണ് തങ്ങള്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.
വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ഒഴിവാക്കിയാല്‍ മാത്രമേ ക്ലാസില്‍ കയറാന്‍ അനുവദിക്കൂ എന്നാണ് കോളേജ് പ്രിന്‍സിപ്പാള്‍ രാമകൃഷ്ണ ജെ.ജി. പറയുന്നത്. എന്നാല്‍ തങ്ങള്‍ ഹിജാബ് ഒഴിവാക്കില്ല എന്ന് വിദ്യാര്‍ത്ഥിനികളും നിലപാടെടുത്തു.
‘ഹിജാബ് ധരിച്ച ചില വിദ്യാര്‍ത്ഥിനികളെ ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചയച്ചു. ഹിജാബ് ഒഴിവാക്കിയതിന് ശേഷം ക്ലാസില്‍ കയറാനും അവരോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അവര്‍ അതിന് വിസമ്മതിക്കുകയായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ അവരോട് മടങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടു,’ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഉഷ ദേവി പറഞ്ഞു.
ചൊവ്വാഴ്ച കര്‍ണാടക ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് കോളേജിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നിലപാടുണ്ടായിരിക്കുന്നത്.
അതേസമയം, ‘അനിഷ്ട സംഭവങ്ങള്‍’ ഉണ്ടാവാതിരിക്കാന്‍ ചില കോളേജുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധിയും നല്‍കിയിരുന്നു.
ഇതിനു പുറമേ, ഹിജാബ് ധരിക്കുന്നതിനെതിരെ ഹിന്ദുത്വവിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ കാവി ഷാളണിഞ്ഞുള്ള പ്രതിഷേധം ഇന്നും നടന്നിരുന്നു.
വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിക്കുന്നതില്‍ നിന്നും വിലക്കിയ നടപടിയെ ചോദ്യം ചെയ്ത് എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായെത്തിയിരുന്നു.
ഹിജാബ് ധരിക്കുന്നതിനെ എതിര്‍ക്കുന്നത് മതേതരത്വത്തിന് എതിരാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു എസ്.എഫ്.ഐ നിലപാട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനെതിരെ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗരേഖ പിന്‍വലിക്കണമെന്നും എസ്.എ.ഫ്ഐ ആവശ്യപ്പെട്ടു.
ഹിജാബ് ധരിച്ചതിന്റെ പേരില്‍ കര്‍ണാടകയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും വിദ്യാര്‍ത്ഥിനികളെ പുറത്താക്കിയ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതികരണവുമായി രംഗത്തെത്തിയുരുന്നു.
സരസ്വതി പൂജയുടെ ദിവസം ഓര്‍മിപ്പിച്ച് കൊണ്ടാണ് രാഹുല്‍ ഗാന്ധി കര്‍ണാടക വിഷയത്തെ കുറിച്ച് സംസാരിച്ചത്. സരസ്വതി ദേവി എല്ലാവര്‍ക്കും അറിവ് നല്‍കുന്നുവെന്നും ആരോടും വേര്‍ത്തിരിവ് കാണിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
അതേസമയം, നിലവില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ കര്‍ണാടകയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് ഹൈക്കോടതിയില്‍ നിന്നും വിധി വരുന്നത് വരെ കോളേജില്‍ പ്രവേശിക്കാനാവില്ല.
സംഭവത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള ഹരജിയിന്മേല്‍ കോടതി തീരുമാനമാകുന്നത് വരെ വിദ്യാര്‍ത്ഥിനികള്‍ കോളേജിന് പുറത്ത് തന്നെ തുടരും. അതായത് ഹൈക്കോടതിയില്‍ നിന്നും വിധി വരാന്‍ വൈകിയാലോ കേസ് നീണ്ടുപോയാലോ, നിലവില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജിന് പുറത്ത് തന്നെ തുടരേണ്ട സ്ഥിതിയാണ്.
Content Highlight: Karnataka Students In Hijab Sent To Separate Classrooms, No Lessons