'എന്നെ സമാധാനത്തോടെ മരിക്കാന്‍ അനുവദിക്കൂ, എനിക്ക് ഇടിമിന്നലിന്റെ വേഗമില്ല'; സംഭവബഹുലമായി സ്പീക്കറുടെ വാര്‍ത്താസമ്മേളനം
Karnataka crisis
'എന്നെ സമാധാനത്തോടെ മരിക്കാന്‍ അനുവദിക്കൂ, എനിക്ക് ഇടിമിന്നലിന്റെ വേഗമില്ല'; സംഭവബഹുലമായി സ്പീക്കറുടെ വാര്‍ത്താസമ്മേളനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th July 2019, 11:05 pm

ബെംഗളൂരു: കര്‍ണാടകത്തിലെ രാഷ്ട്രീയ കരുനീക്കങ്ങളെക്കാള്‍ സംഭവബഹുലമായിരുന്നു സ്പീക്കര്‍ രമേശ് കുമാറിന്റെ വാര്‍ത്താസമ്മേളനം. ഒരേസമയം വിമര്‍ശനവും രോഷവും പ്രകടിപ്പിച്ച സ്പീക്കര്‍ വികാരാധീനനാകുന്നതും കണ്ടു.

രാജിക്കത്തില്‍ തീരുമാനമെടുക്കുന്നതു താന്‍ വൈകിപ്പിച്ചെന്ന ആരോപണങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു സ്പീക്കര്‍. ‘എനിക്കിപ്പോള്‍ 70 വയസ്സായി. രാഷ്ട്രീയക്കളികളില്‍ നിന്ന് എനിക്കെന്തെങ്കിലും കിട്ടുമെന്ന് ആരും വിചാരിക്കില്ല. പക്ഷേ ഇതെല്ലാം ഞാന്‍ ഒരു മോശം മനുഷ്യനാണെന്നുവരുത്തിത്തീര്‍ക്കുന്നതാണ്. എന്നെ സമാധാനത്തോടെ മരിക്കാന്‍ അനുവദിക്കൂ.’- അദ്ദേഹം പറഞ്ഞു.

ഒറ്റ രാത്രികൊണ്ട് രാജിക്കത്തുകള്‍ പരിശോധിച്ചു കഴിഞ്ഞ് തീരുമാനമെടുക്കുമോ എന്ന ചോദ്യത്തിന് തനിക്ക് ഇടിമിന്നലിന്റെ വേഗമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘ഭരണഘടനാ നടപടിക്രമങ്ങളിലൂടെയാണു ഞാന്‍ പോകുന്നത്. രാത്രി മുഴുവന്‍ ഇരുന്ന് രാജികള്‍ പരിശോധിക്കണം. അവര്‍ സത്യസന്ധമായാണോ അതു നല്‍കിയതെന്നു കണ്ടെത്തണം. ഞാന്‍ ആര്‍ക്കും എതിരല്ല. ഞാന്‍ ഭരണഘടനയ്‌ക്കൊപ്പമാണ്.’- അദ്ദേഹം പറഞ്ഞു.

ചിലര്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അതിനാലാണ് മുംബൈക്കു പോയതെന്നും എം.എല്‍.എമാര്‍ തന്നോടു പറഞ്ഞതായി സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ താന്‍ അവര്‍ക്കു സുരക്ഷ നല്‍കാമെന്നു പറഞ്ഞെന്നും ഒരു ഭൂകമ്പം ഉണ്ടായതുപോലെയാണ് അവര്‍ പെരുമാറുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

ഇന്നു വൈകിട്ട് തന്നെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് സ്പീക്കറോട് കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മണിക്കൂറുകള്‍ കൊണ്ട് ഇത്രയധികം രാജിക്കത്തുകള്‍ പരിശോധിച്ച് തീരുമാനമെടുക്കാനാകില്ലെന്നും, ഇത് തന്റെ വിവേചനാധികാരമാണെന്നും സ്പീക്കര്‍ കോടതിയെ അറിയിച്ചു.

ഇത് ഹര്‍ജിയായി നല്‍കാന്‍ സുപ്രീംകോടതി സ്പീക്കറോട് പറഞ്ഞു. ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും.

അതേസമയം തങ്ങളുടെ മൂന്ന് എം.എല്‍.എമാരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജെ.ഡി.എസ് സ്പീക്കര്‍ക്കു കത്ത് നല്‍കി. രാത്രി മുഴുവന്‍ രാജി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.