| Thursday, 13th April 2023, 12:08 pm

കര്‍ണാടകയില്‍ സിറ്റിങ് എം.എല്‍.എ കുമാര സ്വാമി ബി.ജെ.പി വിട്ടു; സ്ഥാനാര്‍ത്ഥി പട്ടികക്ക് പിന്നാലെ പാര്‍ട്ടി വിടുന്ന നാലാമത്തെ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ ബി.ജെ.പിയുടെ നാലാമത്തെ നേതാവും പാര്‍ട്ടി വിട്ടു. മുദിഗരെ സിറ്റിങ് എം.എല്‍.എ കുമാരസ്വാമിയാണ് പാര്‍ട്ടി വിട്ടത്. കുമാര സ്വാമിക്ക് സീറ്റ് ലഭിക്കാത്തതാണ് രാജി വെക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

കുമാരസ്വാമി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിന് വ്യാഴാഴ്ച രാജിക്കത്ത് നല്‍കുകയായിരുന്നു. മുദിഗരെയില്‍ മത്സരിക്കാന്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറിയായ സി.ടി. രവി കാരണമാണ് തനിക്ക് അവസരം ലഭിക്കാത്തതെന്ന് കുമാരസ്വാമി ആരോപിച്ചു.

‘സി.ടി ഉന്നത് പദവിയില്‍ നില്‍ക്കുന്നൊരാളാണ്. അദ്ദേഹമിപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം എനിക്ക് എതിരാണ്,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ മൂന്ന് തവണ മുദിഗരെയിലെ എം.എല്‍.എയായിരുന്നു കുമാരസ്വാമി.

നിലവില്‍ ദീപക് ദൊദ്ദയ്യ ആണ് മുദിഗരെ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി.

സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് ശേഷം യെദിയൂരപ്പ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷ്മണ്‍ സാവഡിയും പാര്‍ട്ടി അംഗത്വം രാജിവെച്ചിരുന്നു. പിന്നാലെ ദൊഡ്ഡപ്പഗൗഡ പാട്ടീല്‍ നരിബോലുവും രാജിവെച്ചു.

അതേസമയം പല മുതിര്‍ന്ന നേതാക്കള്‍ക്കും ബി.ജെ.പി ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല.

നിലവില്‍ യുവാക്കളെ മുന്‍നിര്‍ത്തി കര്‍ണാടക പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ആഭ്യന്തര ചേരിപ്പോരും പാര്‍ട്ടിയിലെ ഐക്യമില്ലായ്മയും മൂലം ഇത്തവണ ഭരണ നഷ്ടപ്പെടുമെന്ന് ബി.ജെ.പിയും ഭയക്കുന്നുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പിന്തുണ നല്‍കിയ പല ഘടക കക്ഷികളും ഇത്തവണ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതും ബി.ജെ.പിക്ക് തലവേദനയാണ്.

content highlight: Karnataka sitting MLA Kumara Swamy quits BJP; He is the fourth leader to leave the party after the list of candidates

We use cookies to give you the best possible experience. Learn more