കൊവിഡ് കാലത്ത് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ ബി.ജെ.പി സർക്കാർ 2000 കോടി രൂപയുടെ അഴിമതി നടത്തി: സിദ്ധരാമയ്യ
national news
കൊവിഡ് കാലത്ത് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ ബി.ജെ.പി സർക്കാർ 2000 കോടി രൂപയുടെ അഴിമതി നടത്തി: സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th November 2024, 3:37 pm

ബെംഗളൂരു: കൊവിഡ് -19 കാലയളവിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ ബി.ജെ.പി സർക്കാർ 2,000 കോടിയിലധികം രൂപയുടെ അഴിമതി നടന്നുവെന്നാരോപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച ജസ്റ്റിസ് ജോൺ മൈക്കൽ ഡി.കുഞ്ഞ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചാൽ സർക്കാർ നടപടിയെടുക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന മന്ത്രിസഭ ഉടൻ ചർച്ച ചെയ്യുമെന്നും അഴിമതിയിൽ മുൻ മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ, മുൻ ആരോഗ്യ മന്ത്രിമാരായ ബി. ശ്രീരാമുലു, ഡോ. സുധാകർ എന്നിവരുൾപ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ നടപടിയെടുക്കുമെന്നും സിദ്ധരാമയ്യ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.

‘ഞാൻ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരിക്കെ ഈ അഴിമതിയെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. അന്ന് ഞാൻ 2,000 കോടിയിലധികം രൂപയുടെ ദുരുപയോഗം കാണിക്കുന്ന രേഖകൾ ഹാജരാക്കിയിരുന്നു,” അദ്ദേഹം പറഞ്ഞു.

വിദേശ വിതരണക്കാരിൽ നിന്ന് മെഡിക്കൽ ഉപകരണങ്ങൾ പ്രാദേശികമായി വാങ്ങുന്നതിന് പകരം ഉയർന്ന വിലയ്ക്ക് വാങ്ങാനാണ് അവർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കേണ്ടത് സർക്കാരിൻ്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് ബി.ജെ.പി അവകാശപ്പെടാം, എന്നാൽ അഴിമതി നടത്തിയവർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുക എന്നതാണ് തന്റെ ഉദ്ദേശമെന്നും സിദ്ധരാമയ്യ പറഞ്ഞു.

1500 പേജുള്ള രേഖയാണ് കമ്മീഷൻ സമർപ്പിച്ചതെന്നും മന്ത്രിസഭാ ഉപസമിതി ഇത് പരിശോധിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവുവും പറഞ്ഞു.

ഞാൻ സംസാരിക്കാൻ ആഗ്രഹിക്കാത്ത മറ്റ് പല വശങ്ങളും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിൽ ഉള്ളതെല്ലാം ശരിയാണെന്ന് എനിക്ക് പറയാൻ കഴിയും.
കൊവിഡിൻ്റെ പ്രതിസന്ധി ഘട്ടത്തിൽ, ബി.ജെ.പി സർക്കാർ സംസ്ഥാനത്തെ കൊള്ളയടിക്കാൻ ഇത് ഉപയോഗിക്കുകയായിരുന്നുവെന്നും ഞങ്ങൾ അന്ന് സംസാരിച്ച ആരോപണങ്ങൾ സത്യമായെന്നും ഇത് വ്യക്തമാക്കുന്നു, ”റാവു പറഞ്ഞു.

‘രാഷ്ട്രീയ പകപോക്കൽ’ എന്ന ബി.ജെ.പിയുടെ ആരോപണങ്ങൾ റാവു തള്ളിക്കളഞ്ഞു, റിപ്പോർട്ട് തയ്യാറാക്കാൻ കമ്മീഷൻ ഒന്നര വർഷത്തിലേറെ സമയമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

2020 ഏപ്രിലിൽ നടന്ന പ്രൈസ് ഫിക്‌സേഷൻ കമ്മിറ്റി യോഗത്തിൻ്റെ രേഖകൾ പ്രകാരം 2,049.84 രൂപക്ക് പകരം ഒരു യൂണിറ്റിന് 2,117.53 രൂപയ്ക്ക് ചൈനയിൽ നിന്ന് പി.പി.ഇ കിറ്റുകൾ വാങ്ങാൻ യെദ്യൂരപ്പയും ശ്രീരാമുലുവും അനുമതി നൽകിയതായി അന്വേഷണത്തിൽ വ്യക്തമായതായി വൃത്തങ്ങൾ അറിയിച്ചു.

Content Highlight: Karnataka: Siddaramaiah alleges Rs 2,000 crore graft in purchase of medical equipment during Covid