യെദ്യൂരപ്പ സര്‍ക്കാര്‍ അധികകാലം നിലനില്‍ക്കില്ലെന്ന് വിശ്വാസം; തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ എം.എല്‍.എമാരോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
Karnataka crisis
യെദ്യൂരപ്പ സര്‍ക്കാര്‍ അധികകാലം നിലനില്‍ക്കില്ലെന്ന് വിശ്വാസം; തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ എം.എല്‍.എമാരോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th July 2019, 12:55 pm

പതിനാല് മാസം നീണ്ട് നിന്ന സഖ്യസര്‍ക്കാര്‍ വിശ്വാസ വോട്ട് നേടാനാവാതെ താഴെ വീണതിന് പിന്നാലെ ഇടക്കാല തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ എം.എല്‍.എമാരോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. തങ്ങളുടെ മണ്ഡലത്തില്‍ വളരെ പെട്ടെന്ന് തന്നെ സജീവമാവാനാണ് എം.എല്‍എമാരോട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ, കെ.പി.സി.സി അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ഈശ്വര്‍ കാന്ദ്രെ, മുന്‍ ഉപമുഖ്യമന്ത്രി ഡോ. ജി പമേശ്വര എന്നിവര്‍ വിശ്വാസ വോട്ടെടുപ്പിന് പിന്നാലെ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് എം.എല്‍.എമാരോട് വോട്ടിനൊരുങ്ങാന്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. വോട്ടര്‍മാരുമായി പെട്ടെന്ന് തന്നെ ബന്ധപ്പെടുക, കര്‍ഷകര്‍ക്ക് അടിയന്തിരമായി സഹായം നല്‍കുക, മണ്ഡലങ്ങളിലെ വികസപദ്ധതികള്‍ പെട്ടെന്ന് പൂര്‍ത്തീകരിക്കുക എന്നതാണ് എം.എല്‍.എമാരോട് നേതാക്കള്‍ നിര്‍ദേശിച്ചത്.

വിമത എം.എല്‍.എമാരും ബി.ജെ.പിയും ചേര്‍ന്നുള്ള സര്‍ക്കാരിന് അധികം ആയുസ് ഉണ്ടാവില്ലെന്ന് യോഗം വിലയിരുത്തി. ഇതിനെ മുന്‍നിര്‍ത്തിയാണ് എം.എല്‍.എമാരോടുള്ള പെട്ടെന്നുള്ള നിര്‍ദേശം. ജനതാദളിന്റെ ശക്തികേന്ദ്രമെന്നറിയപ്പെടുന്ന പഴയ മൈസൂര്‍ മേഖലയില്‍ പ്രാദേശിക സംഘടന പ്രവര്‍ത്തനം ശക്തമാക്കാനും യോഗം തീരുമാനിച്ചു.

നിരവധി കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്നത്, പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നത്, ഇരവാദം ഉയര്‍ത്തിപ്പിടിച്ച് കെയര്‍ടേക്കര്‍ മുഖ്യമന്ത്രി കുമാരസ്വാമി നേട്ടം ഉണ്ടാക്കിയതുമെല്ലാം യോഗത്തില്‍ ചര്‍ച്ചയായി. എന്നാല്‍ ജനതാദളുമായി സഖ്യം തുടരണമോ എന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. ജനതാദളിന്റെ പ്രതികരണം അറിഞ്ഞ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍.

നാല് ബി.ജെ.പി എം.എല്‍.എമാരുടെ പിന്തുണ ഉറപ്പിച്ച് വിശ്വാസ വോട്ടിന് മുമ്പ് കോണ്‍ഗ്രസ്-ജനതാദള്‍; വോട്ട് ചെയ്യാതിരുന്നത് മൂന്ന് എം.എല്‍.എമാരുടെ കുറവുള്ളതിനാല്‍

കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാരിനൊപ്പമുള്ള എം.എല്‍.എമാരെ ചാടിക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയതിനൊപ്പം തന്നെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യവും തിരിച്ചുള്ള നീക്കം നടത്തിയിരുന്നു. നാല് ബി.ജെ.പി എം.എല്‍.എമാരെ സമീപിക്കുകയും പിന്തുണ ഉറപ്പിക്കുകയും ചെയ്തിരുന്നു സഖ്യം. എന്നാല്‍ വിശ്വാസ വോട്ട് വിജയിക്കാന്‍ മൂന്ന് എം.എല്‍.എമാരുടെ കൂടി പിന്തുണ വേണ്ടതിനാല്‍ ഇവരുടെ പിന്തുണ സ്വീകരിക്കാതിരിക്കുകയായിരുന്നു.

ഭരണകക്ഷിയിലെ രണ്ട് കക്ഷികളും നാല് ബി.ജെ.പി എം.എല്‍.എമാരെയും സമീപിച്ചിരുന്നു. ഹോസ്ദുര്‍ഗ എം.എല്‍.എ ഗൂളിഹട്ടി ശേഖര്‍, ഹിരിയൂര്‍ എം.എല്‍.എ കെ. പൂര്‍ണ്ണിമ ശ്രീനിവാസ്. കനകഗിരി എം.എല്‍.എ ബസവരാജ് ദാദേസുഗര്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും വാഗ്ദാനങ്ങളോട് അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിച്ചത്. ശേഖര്‍ യെദ്യൂരപ്പ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. ശേഖര്‍ ആദ്യ തവണയാണ് എം.എല്‍.എയായത്.

എന്നാല്‍ ഈ എം.എല്‍.എമാരുടെ പിന്തുണ ഉണ്ടായത് കൊണ്ട് മാത്രം വിശ്വാസ വോട്ട് വിജയിക്കില്ലെന്നതിനാല്‍ ഇവരോട് സഖ്യസര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യേണ്ടെന്ന് കോണ്‍ഗ്രസും ജനതാദളും ആവശ്യപ്പെടുകയായിരുന്നു.

കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യത്തിന് തിരിച്ചു വരാന്‍ കഴിയാത്ത വിധം കേന്ദ്രനേതൃത്വത്തോട് യോജിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാന ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്.