ബെംഗളൂരു: ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കര്‍ണാടകയുടെ ടാബ്ലോ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയില്ല. മുന്‍ വര്‍ഷങ്ങളില്‍ പരേഡില്‍ പങ്കെടുത്തതിനാല്‍ ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകയുടെ അവസരം നിഷേധിച്ചെന്ന് ടാബ്ലോയുടെ കര്‍ണാടക നോഡല്‍ ഓഫീസര്‍ സി.ആര്‍. നവീന്‍ പറഞ്ഞു.
കഴിഞ്ഞ 13 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കര്‍ണാടയുടെ ടാബ്ലോക്ക് റിപ്പബ്ലിക് ഡേ പരേഡില്‍ പങ്കെടുക്കാനുള്ള അനുമതി നിഷേധിക്കുന്നത്. ഇത് സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയുടെ പോരായ്മയാണെന്നും കര്‍ണാടകയെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.
ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ (ഡി.ഐ.പി.ആര്‍) പുറത്തിറക്കിയ കുറിപ്പില്‍ ടാബ്ലോ പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അക്കാരണത്താലാണ് കര്‍ണാടകക്ക് അവസരം ലഭിക്കാതെ പോയതെന്നും നവീന്‍ പറഞ്ഞു.
കര്‍ണാടകയുടെ കഴിഞ്ഞ വര്‍ഷത്തെ ടാബ്ലോ
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഏറ്റവും കുറവ് തവണ പങ്കെടുത്തവര്‍ക്കും കഴിഞ്ഞ വര്‍ഷം പങ്കെടുക്കാന്‍ സാധിക്കാതെ വന്ന സംസ്ഥാനങ്ങള്‍ക്കും അവസരം നല്‍കുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
‘മുന്‍ വര്‍ഷങ്ങളില്‍ പങ്കെടുത്ത സംസ്ഥാനങ്ങളുടെ പട്ടികയും ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ ടാബ്ലോ പ്രദര്‍ശിപ്പിക്കാന്‍ തെരഞ്ഞെടുത്ത സംസ്ഥാനങ്ങളുടെ പട്ടികയും താരതമ്യം ചെയ്യുകയാണെങ്കില്‍, 2022ല്‍ സമ്മാനം നേടിയ മൂന്ന് സംസ്ഥാനങ്ങളെയും തെരഞ്ഞെടുത്തിട്ടില്ല എന്ന കാര്യം വ്യക്തമാകും. കഴിഞ്ഞ തവണ പങ്കെടുത്ത പല സംസ്ഥാനങ്ങളെയും ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. ഇക്കാരണത്താലാണ് കര്‍ണാടകക്ക് അവസരം ലഭിക്കാതെ പോയത്,’ കുറിപ്പില്‍ പറയുന്നു.
എല്ലാ സംസ്ഥാനങ്ങളെയും എല്ലായ്‌പ്പോഴും തെരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഇതിനെ കുറിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞത്. പ്രത്യേക രാഷ്ട്രീയമില്ലാത്ത ഉദ്യോഗസ്ഥരാണ് ഓരോ ടാബ്ലോയും തെരഞ്ഞെടുക്കുന്നതെന്നും അതിനാല്‍ ഇത് വിവാദമാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും എല്ലാ വര്‍ഷവും ഏകദേശം 12 പേര്‍ തെരഞ്ഞെടുക്കപ്പെടുന്നു. 13 വര്‍ഷമായി കര്‍ണാടകക്ക് അവസരം ലഭിക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ടാബ്ലോക്ക് അനുമതി നല്‍കുകയാണെങ്കില്‍ 36 ടാബ്ലോകള്‍ പ്രദര്‍ശിപ്പിക്കേണ്ടി വരും. നാല് – അഞ്ച് മണിക്കൂര്‍ അധികനേരം പരേഡ് തുടരേണ്ടിയും വരും. ടാബ്ലോകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയ-ബ്യൂറോക്രാറ്റ് ഇടപെടലുകളില്ല. അതിനാല്‍ ഇത് വിവാദമാക്കുന്നത് ശരിയല്ല,’ ജോഷി പറഞ്ഞു.
സംസ്ഥാനത്തിന്റെ ടാബ്ലോക്ക് കേന്ദ്ര സര്‍ക്കാര്‍ അവസരം നിഷേധിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കെതിരെ വിമര്‍ശനമുന്നയിച്ച് മുതര്‍ന്ന കോണ്‍ഗ്രസ് നേതാവായ സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു.
ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തില്‍ കര്‍ണാടകക്ക് പങ്കെടുക്കാന്‍ സാധിക്കാതെ വന്നത് നിര്‍ഭാഗ്യകരമാണെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. കര്‍ണാടകയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
Incapable & weak @BSBommai and his cabinet ministers are worried about looting government resources through 40% commission.
Had they put in a little more thought in designing the theme, Karnataka could have presented its tableaux on the Republic Day.
13 വര്‍ഷം തുടര്‍ച്ചയായി ടാബ്ലോ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ച ഏക സംസ്ഥാനമാണ് കര്‍ണാടകയെന്നും ഒരു ദശാബ്ദക്കാലമായി കര്‍ണാടകയുടെ സംസ്‌കാരത്തെ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരുന്നുവെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.
‘ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ടാബ്ലോയുടെ തീമിനാണ് സമ്മാനം ലഭിച്ചിരുന്നത്. 2005ല്‍, ശ്രാവണബെളഗോളയിലെ ഗോമതേശ്വര പ്രതിമയുടെ ടാബ്ലോ അവതരിപ്പിച്ച് സംസ്ഥാനം ഒന്നാം സ്ഥാനം നേടിയിരുന്നു. നാല് തവണ രണ്ടാം സ്ഥാനവും മൂന്ന് തവണ മൂന്നാം സ്ഥാനവും കര്‍ണാടക നേടിയിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ധാന്യങ്ങളുടെ വൈവിധ്യമായിരുന്നു കര്‍ണാടകയുടെ ഇത്തവണത്തെ തീം. ‘പരമ്പരാഗത കരകൗശലങ്ങളുടെ കളിത്തൊട്ടില്‍’ എന്ന സംസ്ഥാനത്തിന്റെ ടാബ്ലോക്ക് കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.
Content Highlight: Karnataka’s tableau not allowed in Republic Day parade, draws criticism