| Sunday, 13th October 2024, 8:03 am

കേന്ദ്ര ഫണ്ട് വിഭജനം; കർണാടകയ്ക്ക് ലഭിക്കേണ്ട ഫണ്ടുകൾ മോശം ഭരണമുള്ള സംസ്ഥാനങ്ങൾക്ക് നൽകുന്നു: സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൈസൂരു: നികുതി വിഭജനത്തിൽ കർണാടകയ്ക്ക് കുറച്ച് ഫണ്ട് അനുവദിച്ച് കേന്ദ്രം കടുത്ത അനീതിയാണ് കാണിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത്തരം വിവേചനത്തിനെതിരെ ശബ്ദമുയർത്താൻ കന്നഡിഗരോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.

‘കർണാടകയോടുള്ള എൻ.ഡി.എ സർക്കാറിന്റെ നികുതി വിതരണത്തിൽ തുടരുന്ന അനീതി നിഷേധിക്കാനാവാത്തതാണ്, ഏറ്റവും പുതിയ നികുതി വിഹിത കണക്കുകൾ അതിനുള്ള വ്യക്തമായ തെളിവുകളാണ്. 28 സംസ്ഥാനങ്ങൾക്കായി ആകെ അനുവദിച്ച 1,78,193 കോടിയിൽ കർണാടകയ്ക്ക് നൽകിയത് 6,498 കോടി രൂപയാണ്.

ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ ഓരോ കന്നഡിഗനും ഇത്തരം വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്താൻ പ്രതിജ്ഞയെടുക്കാൻ ഞാൻ ആവശ്യപ്പെടുന്നു. അനീതിക്കെതിരായ വിജയത്തിൻ്റെ പ്രതീകമായ ഈ വിജയദശമി നീതിക്കുവേണ്ടിയുള്ള നമ്മുടെ കൂട്ടായ പോരാട്ടത്തിൻ്റെ തുടക്കം കുറിക്കട്ടെ,’ മുഖ്യമന്ത്രി പറഞ്ഞു.

മോശം ഭരണത്തിന് കുപ്രസിദ്ധമായ ഉത്തർപ്രദേശിന് 31,962 കോടി രൂപയും ബിഹാറിന് 17,921 കോടി രൂപയും മധ്യപ്രദേശിന് 13,987 കോടി രൂപയും രാജസ്ഥാന് 10,737 കോടി രൂപയും കേന്ദ്ര സർക്കാർ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.

‘രാജ്യത്തിൻ്റെ നികുതി വരുമാനത്തിൽ ഗണ്യമായ സംഭാവന നൽകിയിട്ടും, കർണാടകയ്ക്ക് മൊത്തം നികുതി വിഹിതത്തിൻ്റെ 3.64 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ, ഉത്തർപ്രദേശിന് 17.93 ശതമാനവും ബീഹാറിന് നൽകിയത് 10.05 ശതമാനവും, രാജസ്ഥാനിന് നൽകിയത് 6.02 ശതമാനവും. എന്നാൽ കർണാടകക്കോ? കേന്ദ്ര സർക്കാരിൻ്റെ വിവേചന നയങ്ങളാണ് ഈ കണക്കുകളിൽ വ്യക്തമാകുന്നത്,’ സിദ്ധരാമയ്യ പറഞ്ഞു.

ഭരണത്തിലും വികസനത്തിലും കർണാടക മികച്ചുനിൽക്കുമ്പോൾ, സാമ്പത്തിക പ്രതിഫലം, മോശമായി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടക ഇന്ത്യയുടെ ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമാണെങ്കിലും രാജ്യത്തിൻ്റെ ജി.ഡി.പിയിൽ 8.4 ശതമാനം സംഭാവന ചെയ്യുന്ന സംസ്ഥാനമാണ്.

ബെംഗളൂരുവിലെ പെരിഫറൽ റിങ് റോഡിനും ജലവിഭവ പദ്ധതികൾക്കുമായി 5,495 കോടി രൂപ പ്രത്യേക ഗ്രാൻ്റുകളും 6,000 കോടി രൂപയുടെ അധിക ഫണ്ടും 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തു. എന്നാൽ, ധനമന്ത്രി നിർമല സീതാരാമൻ ഈ ശുപാർശകൾ നിരസിച്ചതിനാൽ കർണാടകയ്ക്ക് 11,495 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഫെഡറൽ ഘടന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സഹകരണത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ കർണാടകയോടും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടും ഉള്ള കേന്ദ്രസർക്കാരിൻ്റെ പക്ഷപാതപരമായ സമീപനം ഈ സന്തുലിതാവസ്ഥയെ ഭീഷണിപ്പെടുത്തുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.

Content Highlight: Karnataka’s money used to reward ‘misgoverned’, ‘corruption-ridden’ states: CM Siddaramaiah

We use cookies to give you the best possible experience. Learn more