ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിക്ക് കൊവിഡ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവെച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഐസോലേഷനില്‍ പ്രവേശിക്കണമെന്നും എത്രയും വേഗം പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലായിരുന്നു കുമാരസ്വാമി. ബസവകല്യാണിലെ സ്ഥാനാര്‍ത്ഥിക്കായി പ്രചരണം നടത്തിയതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവായത്. മാര്‍ച്ച് 23 ന് ഇദ്ദേഹം കൊവിഡിന്റെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.
അതേസമയം കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്ക് രണ്ടാം തവണവും കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലാണ് അദ്ദേഹമിപ്പോള്‍.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യെദിയൂരപ്പക്ക് കൊവിഡ് ബാധിച്ചിരുന്നു. യെദിയൂരപ്പ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു. യെദിയൂരപ്പയും കൊവിഡ് ആദ്യഘട്ട വാക്‌സിന്‍ സ്വീകരിച്ചിരുന്നു.
വെള്ളിയാഴ്ച്ച നടത്തിയ കൊവിഡ് പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷത്തില്‍ പ്രവേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ബെംഗളൂരുവിലെ രാമയ്യ മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എന്നാല്‍ കുടുംബഡോക്ടറുടെ ചികിത്സ ലഭിക്കുന്നതിനായി അദ്ദേഹം മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക