മുസ്‌ലിങ്ങള്‍ക്കുള്ള നാല് ശതമാനം ഒ.ബി.സി സംവരണം ഒഴിവാക്കി കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍
national news
മുസ്‌ലിങ്ങള്‍ക്കുള്ള നാല് ശതമാനം ഒ.ബി.സി സംവരണം ഒഴിവാക്കി കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th March 2023, 9:09 pm

ബെംഗളൂരു: മുസ്‌ലിങ്ങള്‍ക്കുള്ള നാല് ശതമാനം ഒ.ബി.സി സംവരണം റദ്ദാക്കി കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍. വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുസ്‌ലിം വിഭാഗത്തെ 10 ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍(EWS) ഉള്‍പ്പെടുത്താനാണ് മന്ത്രിസഭാ തീരുമാനം. ഇതുവരെ മുസ്‌ലിങ്ങള്‍ക്കുണ്ടായിരുന്ന നാല് ശതമാനം സംവരണം 2 ശതമാനം വൊക്കലിഗ സമുദായത്തിനും ലിംഗായത്ത് വിഭാഗക്കാര്‍ക്കും വീതിച്ച് നല്‍കും.

 

കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ബി.ജെ.പി സര്‍ക്കാരിന്റെ ഈ തീരുമാനം. ഈ വര്‍ഷം അവസാനമാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ബി.ജെ.പി അധികാരത്തിലിരിക്കുന്ന ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനമാണ് കര്‍ണാടക. അതുകൊണ്ട് തന്നെ ബി.ജെ.പി നേരത്തെ തന്നെ ഇവിടെ തെരഞ്ഞെടുപ്പ്
പ്രചരണം ആരംഭിച്ചിരുന്നു. ബി.ജെ.പിയുടെ സ്ഥിരം ന്യൂനപക്ഷ വിരുദ്ധ സമീപനം വരുന്ന തെരഞ്ഞെടുപ്പില്‍ വാട്ടുബാങ്കാക്കാനുള്ള നീക്കമാണ് മുസ്‌ലിങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം വെട്ടിക്കുറച്ചെതെന്ന വിമര്‍ശനം ഇതിനോടകം ഉയരുന്നുണ്ട്.

അതിനിടെ, തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയ സംവരണവും ഒ.ബി.സി സംവരണവും സംബന്ധിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് 2023 മാര്‍ച്ച് 31നുള്ളില്‍ സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീം കോടതി സമയം അനുവദിച്ചിട്ടുണ്ട്. രാഷ്ട്രീയ പിന്നാക്കാവസ്ഥയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുക.