| Thursday, 16th March 2023, 8:44 am

പത്തുവരി റോഡിലെ ടോള്‍ പിരിവ്; നിരക്കുയര്‍ത്തി കര്‍ണാടക ആര്‍.ടി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബെംഗളൂരു-മൈസൂര്‍ എക്‌സ്പ്രസ് ഹൈവേയില്‍ ടോള്‍ പിരിവിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ക്കിടെ പാതയിലൂടെ സര്‍വീസ് നടത്തുന്ന കര്‍ണാടക ആര്‍.ടി.സി ബസുകളിലെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. പത്തുവരി പാതയിലൂടെ ബസില്‍ പോവുന്ന യാത്രക്കാരില്‍ നിന്ന് ടിക്കറ്റിന് പുറമെ നിശ്ചിത തുക യൂസര്‍ ഫീ ഇനത്തില്‍ ഈടാക്കാന്‍ തീരുമാനിച്ചതാണ് നിരക്കുയരാന്‍ കാരണമാകുന്നത്.

പാതയിലൂടെ സര്‍വീസ് നടത്തുന്ന കര്‍ണാടക സരിഗെ ബസില്‍ 15 രൂപയാണ് അധികയിനത്തില്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. രാജഹംസ ബസിലും മള്‍ട്ടി ആക്‌സസ് ബസിലും ഇത് യഥാക്രമം 18 രൂപയും 20 രൂപയും ആയിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

നിലവില്‍ രാജഹംസ ബസില്‍ ബംഗളൂരു മുതല്‍ മൈസൂരിലേക്ക് 180 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. പുതിയ നിരക്ക് പ്രാപല്യത്തില്‍ വരുന്നതോടെ ഇത് 198 രൂപയായി വര്‍ദ്ധിക്കും. വോള്‍വേ ബസുകളില്‍ ഇതേ റൂട്ടില്‍ 300 രൂപ നിരക്കില്‍ ലഭിച്ചിരുന്ന ടിക്കറ്റിന് ഇനിമുതല്‍ 330 രൂപ നല്‍കേണ്ടി വരും. അതേസമയം സര്‍വീസ് റോഡുകളില്‍ കൂടി യാത്രചെയ്യുന്ന ബസുകളില്‍ ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്നും കര്‍ണാടക ആര്‍.ടി.സി അറിയിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ നിയമ സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി അവതരിപ്പിക്കപ്പെട്ട പത്തുവരി എക്‌സ്പ്രസ് ഹൈവേ ഉദ്ഘാടനം കഴിഞ്ഞ ഉടനെ ടോള്‍ പിരിവിനെ ചൊല്ലി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഉയര്‍ന്ന ടോള്‍ നിരക്കും അപൂര്‍ണമായ സര്‍വീസ് റോഡുകളും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് രാമനഗരിയിലെ എക്‌സ്പ്രസ് വേയുടെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലായതും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബെംഗളൂരു മുതല്‍ നിദാഘട്ട വരെയുള്ള സെക്ഷനിലാണ് കഴിഞ്ഞ ദിവസം കണിമണികെ ഗെയ്റ്റില്‍ നിന്നും ടോള്‍ പിരിക്കാന്‍ തുടങ്ങിയത്.

കാറുകള്‍ പോലുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് മാത്രം ചെയ്യാന്‍ 135 രൂപയാണ് ടോള്‍ നിരക്ക് . അതേ ദിവസം തിരിച്ചെത്തിയാല്‍ 205 രൂപയും നല്‍കണമെന്നാണ് വ്യവസ്ഥ. ഇത് 250 രൂപവരെയായി ഉയര്‍ത്താനാണ് സാധ്യത. പല ഡ്രൈവര്‍മാരും ടോള്‍ ഒഴിവാക്കാനായി സര്‍വീസ് റോഡുകള്‍ തെരഞ്ഞെടുത്തതോടെ പൊലീസിന്റെ നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ വലിയ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി നിരക്കുയര്‍ത്തി കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ടും രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: Karnataka RTC increase ticket charges in bemgaluru mysore express way

We use cookies to give you the best possible experience. Learn more