| Monday, 4th March 2019, 7:06 pm

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എ ഉമേഷ് ജാദവ് രാജിവെച്ചു; ബി.ജെ.പിയിലേക്കെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ വിമത കോണ്‍ഗ്രസ് എം.എല്‍.എ ഉമേഷ് ജാദവ് രാജിവെച്ചു. ഉമേഷ് ജാദവ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ആറിന് കലബുര്‍ഗിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയില്‍ വച്ച് ബി.ജെ.പി അംഗ്വതം സ്വീകരിക്കുമെന്നും സൂചനയുണ്ട്.

വിപ്പ് ലംഘിച്ചതിന് ഉമേഷ് ജാദവിനെയടക്കം നാല് വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതില്‍ തീരുമാനം വരും മുന്‍പാണ് രാജി.


“കോണ്‍ഗ്രസില്‍ തുടരുന്നതില്‍ ഞാന്‍ സംതൃപ്തനല്ല. എന്നിരുന്നാലും കുറച്ചു ആവശ്യങ്ങള്‍ ഞാന്‍ ഉന്നയിച്ചിരുന്നു. അവര്‍ യുക്തിയുള്ളവരാണ്. പാര്‍ട്ടി ആ കാര്യങ്ങള്‍ അംഗീകരിക്കുമോ എന്ന് കണ്ടറിയാമെന്നും” ജാദവ് പറഞ്ഞു.

വിമത എം.എല്‍.എമാരായ ഉമേഷ് ജാദവ്, രമേഷ് ജര്‍കിഹോളി, മഹേഷ് കുമതല്ലി, ബി നാഗേന്ദ്ര എന്നിവര്‍ പാര്‍ട്ടിയുമായി അകലം പാലിക്കുന്നതിനിടയിലാണ് ഉമേഷ് ജാദവിന്റെ രാജി. ഫെബ്രുവരി 14ന് ബജറ്റ് വോട്ടെടുപ്പിന്റെ വേളയില്‍ തങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗമാണെന്ന് ഈ വിമത എം.എല്‍.എമാര്‍ പറഞ്ഞിരുന്നു.

അതേസമയം, ഉമേഷ് ജാദവ് പാര്‍ട്ടിയെ വഞ്ചിച്ചുവെന്നും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ കൊണ്ടാണ് അദ്ദേഹം രാജിവെച്ചതെന്നും കര്‍ണാടക സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവു പറഞ്ഞു.


“അദ്ദേഹം ബി.ജെ.പിക്ക് തന്നെ സ്വയം വില്‍ക്കുകയായിരുന്നു. അയോഗ്യനാക്കാതിരിക്കാനുള്ള പല നാടകങ്ങളും ഉമേഷ് ജാദവ് കളിച്ചു. ഇത്തരത്തിലുള്ള ആളുകള്‍ പാര്‍ട്ടിയില്‍ ഇല്ലാതിരിക്കുന്നതാണ് നല്ലത്. ഞങ്ങള്‍ക്ക് അവരെ വിശ്വസിക്കാന്‍ സാധിക്കില്ല”- ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ തന്നെ ജാദവ്, ബി.ജെ.പി ടിക്കറ്റില്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ടുകളുണ്ട്. കലബുര്‍ഗി മണ്ഡലത്തില്‍ നിന്നായിരിക്കും മത്സരിക്കുക.

We use cookies to give you the best possible experience. Learn more