| Wednesday, 29th June 2022, 11:42 pm

കര്‍ണാടക, പുതുച്ചേരി, ഇപ്പോള്‍ മഹാരാഷ്ട്ര; 'ഓപ്പറേഷന്‍ താമര' എന്ന ഓമനപ്പേരിട്ട ബി.ജെ.പി നാടകം തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കര്‍ണാടകയിലും പുതുച്ചേരിയിലും പച്ചക്കൊടി പാറിച്ച ‘ഓപ്പറേഷന്‍ താമര’ എന്ന് പേരിട്ട ബി.ജെ.പി നാടകം മഹാരാഷ്ട്രയിലും കുതന്ത്രത്തിലൂടെ വിജയിച്ചിരിക്കുകയാണ്. 2019ല്‍ ബി.ജെ.പിയെ ശക്തമായി പ്രതിരോധിച്ച് അധികാരലേറിയ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ബി.ജെ.പിയുടെ മറ്റൊരു രാഷ്ട്രീയ നാടകത്താല്‍ രണ്ടര വര്‍ഷത്തിന് ശേഷം പുറത്തേക്ക് പോകുകയാണ്.

288 അംഗനിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് ഭീഷണിയുണ്ടാവില്ലെന്ന് വിശ്വസിച്ചിരുന്ന ശിവസേനാ നേതാക്കളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടായിരുന്നു ഏക്‌നാഥ് ഷിന്‍ഡയെ ഉപയോഗപ്പെടുത്തി മഹാരാഷ്ട്രയില്‍ ബി.ജെ.പി ‘ഓപ്പറേഷന്‍ താമര’ വിജയപ്പിച്ചെടുത്തിരിക്കുന്നത്.

സ്വതന്ത്രരും ചെറുപാര്‍ട്ടികളും ഉള്‍പ്പെടെ 169 പേരുടെ പിന്തുണയില്‍ നിലവില്‍വന്ന ഉദ്ധവ് സര്‍ക്കാറിന്റെ അംഗബലം ഷിന്‍ഡെയുടെ വിമതനീക്കത്തോടെ 111ലേക്കെത്തിയിരുന്നു. 145ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സ്വതന്ത്രരടക്കം 50 പേരാണ് വിമതപക്ഷത്തുള്ളത്.

നിലവില്‍ സ്വതന്ത്രരടക്കം 114 പേരാണ് ബി.ജെ.പിയുടെ അംഗബലം. വിമതരും എം.എന്‍.എസും പിന്തുണക്കുന്നതോടെ അത് 165 ആയി ഉയരും. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്യും.

ഇതോടെ ബി.ജെ.പി അധികാരത്തിലിരിക്കെ താഴെയിറക്കുന്ന മൂന്നാമത്തെ സംസ്ഥാന സര്‍ക്കാരാണ് മഹാരാഷ്ട്രയിലെ ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് സംഖ്യമായ മഹാവികാസ് അഘാഡി. ഇതിന് മുമ്പ് കര്‍ണാടകയിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് അധികാരത്തിലിരിക്കെയുള്ള സര്‍ക്കാരുകളെ കുതന്ത്രങ്ങളിലൂടെ ബി.ജെ.പി താഴെയിറക്കിയിരുന്നത്.

കര്‍ണാടകയിലെ ഓപ്പറേഷന്‍ താമര

‘ഓപ്പറേഷന്‍ താമര’ പദ്ധതിയിലൂടെ 2019 ജൂലൈയില്‍ കോണ്‍ഗ്രസ്, ജനതാ ദള്‍ എം.എല്‍.എമാര്‍ രാജിവെച്ചതോടെ സര്‍ക്കാര്‍ വീഴുകയും ബി.ജെ.പി അധികാരത്തിലെത്തുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസില്‍ നിന്നും ജനതാദളില്‍നിന്നും 17 എം.എല്‍.എമാര്‍ രാജിവെച്ചതിനു പിന്നാലെയാണ് കര്‍ണാടകയിലെ അന്നത്തെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ താഴെവീണത്. തുടര്‍ന്ന് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തി. 14 കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമായിരുന്നു അന്ന് രാജിവെച്ചത്.

‘ഓപ്പറേഷന്‍ പുതുച്ചേരി’

ജനഹിതത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു എം.എല്‍.എ പോലുമില്ലാതെയും തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പില്‍ 2.44 ശതമാനം മാത്രം വോട്ട് ഷെയറുള്ള ബി.ജെ.പിയാണ് കഴിഞ്ഞ വര്‍ഷം പുതുച്ചേരിയിലെ നാരായണ സ്വാമി സര്‍ക്കാറിനെ വീഴ്ത്തിയത്.

ഭരണപക്ഷത്തുണ്ടായിരുന്ന ആറില്‍ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരും ഒരു ഡി.എം.കെ എം.എല്‍.എയും ബി.ജെ.പി പാളയത്തിലേക്ക് പോയതാണ് ഇതിന് കാരണം.

വടക്കന്‍ കേരളത്തിലെ മാഹിയും ആന്ധ്രപ്രദേശിലെ യാനവും തമിഴ്‌നാട്ടിലെ പുതുച്ചേരി, കാരയ്ക്കല്‍ എന്നിവയും ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്ര ഭരണ പ്രദേശമാണ് പുതുച്ചേരി. മൂന്ന് കേന്ദ്ര സര്‍ക്കാര്‍ നോമിനീസ് അടക്കം 33 എം.എല്‍.എമാരുള്ള നിയമസഭയാണ് പുതുച്ചേരിയുടേത്.

CONTENT HIGHLIGHTS: Karnataka, Puducherry, now Maharashtra BJP drama ‘Operation Thamara’ continues

We use cookies to give you the best possible experience. Learn more