| Monday, 28th November 2022, 6:48 pm

മുസ്‌ലിം വിദ്യാര്‍ത്ഥിയെ തീവ്രവാദി എന്ന് അധിക്ഷേപിച്ച് അധ്യാപകന്‍; ഉചിതമായ മറുപടി നല്‍കി വിദ്യാര്‍ത്ഥി; വീഡിയോ ചര്‍ച്ചയാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മണിപ്പാല്‍: കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിയെ തീവ്രവാദിയുടെ പേര് വിളിച്ച് അധിക്ഷേപിച്ച് അധ്യാപകന്‍. ബെംഗളൂരുവിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അധ്യാപകനാണ് വിദ്യാര്‍ത്ഥിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്.

വിദ്വേഷ അധിക്ഷേപത്തിന് വിദ്യാര്‍ത്ഥി നല്‍കുന്ന മറുപടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. വെള്ളിയാഴ്ചയാണ് ഇത് നടന്നത്. ക്ലാസ് എടുക്കുന്നതിനിടയിലാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ പേര് കേട്ടപ്പോള്‍ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ കസബിനെ പോലെയുണ്ടെന്ന് പറഞ്ഞുകൊണ്ട് അവഹേളിച്ചത്.

ഇതിന് പിന്നാലെ അധ്യാപകന്റെ പ്രവര്‍ത്തിയോട് ശക്തമായ ഭാഷയില്‍ തന്നെ വിദ്യാര്‍ത്ഥിയും പ്രതികരിച്ചു. അധ്യാപകന്റെ വാക്കുകളിലെ വിദ്വേഷവും വംശീയതയും തുറന്നുകാട്ടിയാണ് വിദ്യാര്‍ത്ഥി മറുപടി നല്‍കിയത്. ഇതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

‘എത്ര അധിക്ഷേപകരമായ വാക്കാണ് നിങ്ങള്‍ ഉപയോഗിച്ചത്. 26/11 ഒരു തമാശയല്ല. ഇസ്‌ലാം തീവ്രവാദവും തമാശയല്ല. ഈ രാജ്യത്ത് ഒരു മുസ്‌ലിമായി ജീവിച്ച് എല്ലാ ദിവസവും ഇത്തരം അധിക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നത് തമാശയേയല്ല.

ഇത്രയും പേരുടെ മുമ്പില്‍ വെച്ച്, അതും ക്ലാസ്മുറിയില്‍ വെച്ചാണ് നിങ്ങള്‍ എന്നെ തീവ്രവാദി എന്ന് വിളിച്ചത്. നിങ്ങള്‍ ഇവിടുത്തെ അധ്യാപകനാണ്. പഠിപ്പിക്കാനെത്തിയ പ്രൊഫഷണലാണ്. നിങ്ങള്‍ എന്നെ തീവ്രവാദി എന്ന് വിളിക്കരുത്,’ എന്നാണ് വിദ്യാര്‍ത്ഥി പറഞ്ഞത്.

‘തമാശക്ക് പറഞ്ഞതാണ്, നീയും എനിക്ക് സ്വന്തം മകനെ പോലെയാണ്, ഞാന്‍ സോറി പറഞ്ഞല്ലോ’ എന്നെല്ലാം അധ്യാപകന്‍ ഇതിനിടയില്‍ കയറി പറയുന്നുണ്ട്. എന്നാല്‍ ഇതിനെ തമാശയായി കാണാനാകില്ലെന്നും സ്വന്തം മകനെ നിങ്ങള്‍ തീവ്രവാദി എന്ന് വിളിക്കുമോയെന്നുമാണ് വിദ്യാര്‍ത്ഥി തിരിച്ച് ചോദിച്ചത്. ഒരു സോറി പറഞ്ഞതുകൊണ്ട് നിങ്ങളുടെ ചിന്താഗതി മാറില്ലല്ലോയെന്നും വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.

വീഡിയോ വൈറലായതിന് പിന്നാലെ അധ്യാപകനെ യൂണിവേഴ്‌സിറ്റി സസ്‌പെന്‍ഡ് ചെയ്തു. അധ്യാപകനെതിരെ അന്വേഷണം പ്രഖ്യാപിച്ചതായും അധികൃതര്‍ അറിയിച്ചു.

‘സര്‍വ ധര്‍മ, വസുധൈവ കുടുംബകം എന്നീ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന സ്ഥാപനമാണ് ഇത്. അതുകൊണ്ട് ഇത്തരം പ്രവര്‍ത്തിയെ ഞങ്ങള്‍ തീര്‍ച്ചയായും അപലപിക്കുന്നു. സംഭവത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

എങ്ങനെയാണ് ക്ലാസിനിടയില്‍ ഇത്തരമൊരു സംഭവം ഉണ്ടായതെന്ന് അറിയില്ല. ഇങ്ങനെയൊരു സംഭാഷണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാനിടയായത് എങ്ങനെയാണെന്ന് കണ്ടെത്തുക പ്രയാസമാണ്. എന്നാലും ഞങ്ങള്‍ സ്വമേധയാ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥി പരിഭ്രാന്തനായിരിക്കുകയാണ്. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുന്നുണ്ട്. ആരാണ് ഈ വീഡിയോ എടുത്ത് പ്രചരിപ്പിച്ചതെന്ന് അറിയില്ല,’ യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥിയുടെ വീഡിയോ വിവിധ മേഖലകളിലെ നിരവധി പേരാണ് പങ്കുവെച്ചത്. വിദ്വേഷവും വംശീയതയും എത്രമാത്രം നോര്‍മലൈസ് ചെയ്യപ്പെട്ടുവെന്നാണ് അധ്യാപകന്റെ പ്രവര്‍ത്തിയിലൂടെ വ്യക്തമാകുന്നതെന്നാണ് പ്രധാനമായും ഉയരുന്ന അഭിപ്രായം.

Content Highlight: Karnataka professor calls a Muslim student terrorist and student gives befitting reply, video goes viral

We use cookies to give you the best possible experience. Learn more