ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്‍തൂക്കമെന്ന് ബി.ബി.സി സര്‍വ്വേ റിപ്പോര്‍ട്ട് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ബി.ബി.സി. ഇങ്ങനെയൊരു പോള്‍ സര്‍വ്വേ തങ്ങള്‍ നടത്തിയിട്ടില്ലെന്ന് ബി.ബി.സി വ്യക്തമാക്കിയിരിക്കുകയാണ്.
“ബി.ബി.സി ന്യൂസില്‍ നിന്നുള്ളതെന്ന തരത്തില്‍ കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ സര്‍വ്വേ വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്നുണ്ട്. അത് വ്യാജമാണെന്നും ബി.ബി.സിയില്‍ നിന്നും വന്നതല്ലെന്നും ഞങ്ങള്‍ വ്യക്തമാക്കുകയാണ്. ഇന്ത്യയില്‍ ഇലക്ഷന് മുന്നോടിയായി ബി.ബി.സി സര്‍വ്വേ നടത്താറില്ല.” എന്നാണ് പ്രചരണം തള്ളിക്കൊണ്ട് ബി.ബി.സി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
വ്യാജപ്രചരണത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ ഷെയര്‍ ചെയ്തുകൊണ്ടാണ് ബി.ബി.സി സംഘം കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 135 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ് 35 സീറ്റിലൊതുങ്ങുമെന്നുമാണ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബി.ജെ.പി പണ്ടുമുതലേ തുടരുന്ന തന്ത്രമാണിതെന്ന് റിപ്പോര്‍ട്ടിനോടു പ്രതികരിച്ചുകൊണ്ട് കര്‍ണാടക ഐ.ടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.
നേരത്തെ ഒരു വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ച് അതുവഴിയും ഇത്തരം വ്യാജ സര്‍വ്വേകള്‍ പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബംഗ്ലൂര്‍ ഹെറാള്‍ഡ്.കോം എന്ന പേരിലുള്ള വെബ്സൈറ്റാണ് “സി-ഫോഴ്സ്” നടത്തിയതെന്ന് പറഞ്ഞ് വ്യാജസര്‍വ്വേ ഫലം റിപ്പോര്‍ട്ടു ചെയ്തത്.