ന്യൂദല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പു തിയ്യതി ചോര്‍ന്ന സംഭവത്തില്‍ അമിത് മാളവ്യയുടെ പേര് ഒഴിവാക്കി തെരഞ്ഞെടുപ്പു കമ്മീഷന്റെ അന്വേഷണ ഉത്തരവ്. തെരഞ്ഞെടുപ്പു തിയ്യതി തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് ബി.ജെ.പി ഐ.ടി സെല്‍ മേധാവി ട്വീറ്റു ചെയ്തത് വിവാദമായിരുന്നു.
തെരഞ്ഞെടുപ്പു കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചപ്പോള്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കമ്മീഷന്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഇക്കാര്യം അന്വേഷിക്കാന്‍ നാല് ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ ഉള്‍പ്പെടെ ആറംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
സീനിയര്‍ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ഉമേഷ് സിന്‍ഹയാണ് കമ്മിറ്റിയുടെ തലവന്‍. തെരഞ്ഞെടുപ്പു കമ്മീഷന്റെ അന്വേഷണ ഉത്തരവില്‍ കര്‍ണാടക കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജില്‍ നിന്നും ബി.ജെ.പി എം.പിയുടെ ഉടമസ്ഥതയിലുള്ള കന്നട ചാനലില്‍ നിന്നും വിവരം ശേഖരിക്കുമെന്ന് പറയുന്നുണ്ട്. എന്നാല്‍ ട്വീറ്റിലൂടെ തെരഞ്ഞെടുപ്പു തിയ്യതി പുറത്തുവിട്ട ബി.ജെ.പി ഐ.ടി സെല്‍ മേധാവിയുടെ പേര് അന്വേഷണ ഉത്തരവില്‍ പറയുന്നില്ല.
അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചത്. ഇത്തരത്തിലുള്ള വിവരച്ചോര്‍ച്ചകള്‍ ഇനിയുണ്ടാകുന്നത് തടയുന്നതിനായുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ അന്വേഷണത്തിന് ഐ.ബിയുടെയോ സി.ബി.ഐയുടെയോ സഹായം തേടുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അന്വേഷണ കമ്മീഷനെ രൂപീകരിക്കുകയായിരുന്നു.
പത്രസമ്മേളനം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി പ്രഖ്യാപിക്കുന്നതിന് മണിക്കുറുകള്‍ക്ക് മുന്‍പ് തന്നെ അമിത് മാളവ്യ തിയതി ട്വീറ്റ് ചെയ്തതാണ് വിവാദത്തിന് ഇടയാക്കിയത്. 2018 മെയ് 12 ന് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കുമെന്നും മെയ് 18 ന് വോട്ടെണ്ണല്‍ നടക്കുമെന്നുമായിരുന്നു ട്വീറ്റ്.
ഡൂള്‍ന്യൂസ് വീഡിയോ ഇന്റര്‍വ്യൂ കാണാം