ബെംഗളൂരു: കര്‍ണാടയില്‍ 40 ദിവസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണം തിങ്കളാഴ്ച അവസാനിച്ചു. ഇന്ന നിശബ്ദ പ്രചാരണം. വോട്ടുറപ്പിക്കാന്‍ ചൊവ്വാഴ്ച കളത്തിലിറങ്ങുക പ്രാദേശിക നേതാക്കളാകും. വീടുകള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരെ നേരിട്ട് കണ്ട് അവര്‍ വോട്ടര്‍ഭ്യര്‍ത്ഥിക്കും. മെയ് പത്തിനാണ് വോട്ടെടുപ്പ്.
തങ്ങളുടെ നിയന്ത്രണത്തിലുള്ള ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പിയെങ്കില്‍ ഭരണ കക്ഷിയുടെ അഴിമതിയെ പ്രചാരണമാക്കി തിരിച്ച് വരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് ബി.ജെ.പി ഇന്ന് നടത്തുക. ബി.ജെ.പി നേതാക്കള്‍ ഇന്ന് ബെംഗളൂരു നഗരത്തില്‍ ഹനുമാന്‍ പൂജയും നടത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു ബി.ജെ.പി പ്രചാരണം. രണ്ട് റോഡ് ഷോകള്‍ ഉള്‍പ്പെടെ 21 റാലികളിലാണ് അദ്ദേഹം പങ്കെടുത്തത്. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെയും നേതൃത്വത്തില്‍ പ്രാദേശിക പ്രചാരണമായിരുന്നു കോണ്‍ഗ്രസ് നടത്തിയത്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിലായിരുന്നു ജെ.ഡി.എസ് പ്രചാരണം കൊഴുപ്പിച്ചത്.
അവസാന ദിവസം വന്‍ പ്രചാരണവുമായാണ് മൂന്ന് പാര്‍ട്ടികളും എത്തിയത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും ബി.ജെ.പിക്കായി പ്രചാരണം കൊഴുപ്പിച്ചപ്പോള്‍, മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ, പി.സി.സി അധ്യക്ഷന്‍ ശിവകുമാര്‍, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ കോണ്‍ഗ്രസിനായി കളത്തിലിറങ്ങി. എച്ച്.ഡി കുമാരസ്വാമിയുടെയും ദേവ ഗൗഡയുടെയും നേതൃത്തിലായിരുന്നു ജെ.ഡി.എസിന്റെ പ്രചാരണം.
224 സീറ്റുകളിലായി 2,613 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടിയിറങ്ങുന്നത്. 5.2 കോടി വോട്ടര്‍മാരാണ് കര്‍ണാടകയില്‍ ഉള്ളത്. പൊലീസുകാരെ വിന്യസിക്കുന്നതിനായുള്ള പ്രോട്ടോകോള്‍ പുറത്തിറക്കിയിട്ടുണ്ടെന്ന് കര്‍ണാടക ഇലക്ഷന്‍ കമ്മിഷണര്‍ മനോജ് കുമാര്‍ മീര പറഞ്ഞു. ദുര്‍ബലമായ പോളിംങ് സ്‌റ്റേഷനുകള്‍ ഓണ്‍ലൈനായി നിരീക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Contenthighlight: Karnataka poll campaign ends today