| Thursday, 18th July 2019, 9:58 pm

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസവോട്ട് തേടണം; കുമാരസ്വാമിക്ക് ഗവര്‍ണറുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസവോട്ട് നടത്തണമെന്ന് ഗവര്‍ണര്‍. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് ഗവര്‍ണര്‍ വാജുഭയ് വാല കത്തുനല്‍കി.

വ്യാഴാഴ്ച്ച വിശ്വാസവോട്ട് നടത്തണമെന്ന ഗവര്‍ണറുടെ ശുപാര്‍ശ സ്പീക്കര്‍ അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സമയം നിശ്ചയിച്ച് ഗവര്‍ണരുടെ ഇടപെടല്‍. വിശ്വാസവോട്ട് നടത്താത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ നിയമസഭയ്ക്കുള്ളില്‍ ധര്‍ണ തുടരുകയാണ്.

അതേസമയം എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കുന്ന സംബന്ധിച്ച കോടതി ഉത്തരവില്‍ വ്യക്തത തേടി കോണ്‍ഗ്രസ് വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിക്കും.

വ്യാഴാഴ്ച രാവിലെയാണ് എച്ച്.ഡി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചത്. തന്റെ നേത്യത്വത്തിലുള്ള സഖ്യമന്ത്രിസഭയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന ഒറ്റവാചകത്തില്‍ ഒതുക്കിയാണ് അദ്ദേഹം പ്രമേയം അവതരിപ്പിച്ചത്.

സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്തിയെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കുമാരസ്വാമി പറഞ്ഞിരുന്നു. അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാനുള്ള അധികാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടെന്നും അത് നിഷേധിക്കാന്‍ കോടതിക്ക് ആകില്ലെന്നും സിദ്ധരാമയ്യയും പറഞ്ഞിരുന്നു.

സിദ്ധരാമയ്യ പ്രസംഗം നീട്ടി സഭയുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിക്കുകയാണെന്ന് ആരോപിച്ചു ബി.ജെ.പി രംഗത്തെത്തുകയും തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ സഭ ഒന്നരമണിക്കൂറോളം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ്- ജെ.ഡി.എസ് പക്ഷത്തുള്ള 16 എം.എല്‍.എമാര്‍ രാജി സമര്‍പ്പിച്ചതോടെ കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായിരിക്കുകയാണ്. രാജിവെച്ച എം.എല്‍.എമാരില്‍ പതിമൂന്നുപേര്‍ കോണ്‍ഗ്രസുകാരും മൂന്നുപേര്‍ ജെ.ഡി.എസ് അംഗങ്ങളുമാണ്. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ താഴെവീഴാനാണ് സാധ്യത.

We use cookies to give you the best possible experience. Learn more