യെദിയൂരപ്പ ഇന്ന് വിശ്വാസവോട്ട് തേടും; സ്പീക്കറെ നീക്കാന്‍ സാധ്യത
national news
യെദിയൂരപ്പ ഇന്ന് വിശ്വാസവോട്ട് തേടും; സ്പീക്കറെ നീക്കാന്‍ സാധ്യത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th July 2019, 7:57 am

ബെംഗളൂരു: കര്‍ണാടക മുഖ്യന്ത്രി യെദിയൂരപ്പ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കും. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബി.ജെ.പിക്കുള്ളതിനാല്‍ വിശ്വാസ വോട്ട് യെദിയൂരപ്പ സര്‍ക്കാറിന് വെല്ലുവിളിയാവില്ല. സ്വതന്ത്രന്‍ എച്ച് നാഗേഷും വിശ്വാസപ്രമേയത്തെ പിന്തുണച്ചേക്കും.

അതേസമയം, സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാറിനെ നീക്കാന്‍ ബി.ജെ.പി പ്രമേയം കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ധനകാര്യ ബില്ലിന്‍മേലുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ രാജിവക്കുമെന്ന സൂചന രമേഷ് കുമാര്‍ ഇന്നലെ നല്‍കിയിരുന്നു.

കുമാരസ്വാമി സര്‍ക്കാരിനെ താഴെവീഴ്ത്താന്‍ കാരണമായ വിമത എം.എല്‍.എമാരെ സ്പീക്കര്‍ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയിരുന്നു. 14 വിമത എം.എല്‍.എമാരെയാണ് അയോഗ്യരാക്കിയത്. നേരത്തെ മൂന്ന് എം.എല്‍.എമാരെയും അയോഗ്യരാക്കിയിരുന്നു. ഇതോടെ കുമാരസ്വാമിയുടെ സഖ്യസര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച മുഴുവന്‍ എം.എല്‍.എമാരെയും അയോഗ്യരാക്കി.

കോണ്‍ഗ്രസിന്റെ 14 ഉം ജെ.ഡി.എസിന്റെ മൂന്നും എം.എല്‍.എ മാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. അതേസമയം, ഞായറാഴ്ച അയോഗ്യരാക്കിയ 14 എം.എല്‍.എമാര്‍ സ്പീക്കറിനെതിരെ സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

വിമത കോണ്‍ഗ്രസ് എം.എല്‍.എമാരായ രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമ്ടഹള്ളി, സ്വതന്ത്രനായ ആര്‍ ശങ്കര്‍ എന്നിവര്‍ നേരത്തേ അയോഗ്യത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഇവരെ സ്പീക്കര്‍ അയോഗ്യരാക്കിയത്.

ഈ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ അയോഗ്യരാക്കിയ വിമത എം.എല്‍.എമാര്‍ക്ക് ഏതെങ്കിലും പദവി വഹിക്കുകയോ, ഉപതെരഞ്ഞെടുപ്പിനെ നേരിടുകയോ ചെയ്യാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു.

മുഴുവന്‍ വിമത എം.എല്‍.എമാരും അയോഗ്യരാക്കിയതോടെ കര്‍ണാടക നിയമസഭയിലെ അംഗസംഖ്യ 207 ആയി ചുരുങ്ങി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പരാതിയെ തുടര്‍ന്നും ചട്ടപ്രകാരമല്ലാതെ രാജി സമര്‍പ്പിച്ചതിനാലുമാണ് എം.എല്‍.എമാരെ അയോഗ്യരാക്കിയതെന്ന് സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ അറിയിച്ചിരുന്നു.