| Sunday, 7th July 2019, 2:02 pm

ഓപ്പറേഷന്‍ താമര പൊളിക്കാന്‍ അണിയറയില്‍ സജീവനീക്കം; നേതൃത്വം നല്‍കുന്നത് ഡി.കെ ശിവകുമാര്‍: എം.എല്‍.എമാര്‍ തിരിച്ചുവരുമെന്ന് നല്ല വിശ്വാസമുണ്ടെന്ന് ഡി.കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമര പൊളിക്കാന്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതൃത്വങ്ങളുടെ സജീവ ഇടപെടല്‍. കോണ്‍ഗ്രസ് ക്രൈസിസ് മാനേജര്‍ എന്നറിയപ്പെടുന്ന ശിവകുമാറാണ് കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ചര്‍ച്ചകളുടെ ഭാഗമായി ഡി.കെ ശിവകുമാര്‍ ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടു.

എം.എല്‍.എമാര്‍ തിരിച്ചുവരുമെന്ന കാര്യത്തില്‍ തനിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നാണ് ഡി.കെ മാധ്യമങ്ങളോട് പറഞ്ഞത്. ‘ജെ.ഡി.എസ് അവരുടെ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഞങ്ങളും പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച് ഈ പ്രശ്‌നം പരിഹരിക്കും. പെട്ടെന്ന് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പാണ്. ദേശീയ താല്‍പര്യം പരിഗണിച്ച് ഇരുപാര്‍ട്ടകളും നല്ല രീതിയില്‍ സര്‍ക്കാറിനെ മുന്നോട്ടുകൊണ്ടുപോകും. എം.എല്‍.എമാര്‍ തിരിച്ചുവരുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്.’ അദ്ദേഹം പറഞ്ഞു.

യു.എസിലായിരുന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രതിസന്ധിയെ തുടര്‍ന്ന് സന്ദര്‍ശനം വെട്ടിച്ചുരുക്കി കര്‍ണാടകയിലേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വൈകുന്നേരം സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ശിവകുമാര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തിരുന്നു.

രാജിവെച്ച ബംഗളുരുവില്‍ നിന്നുള്ള മൂന്ന് എം.എല്‍.എമാര്‍ അടക്കമുള്ളവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

കോണ്‍ഗ്രസ്-ജെ.ഡി.എസ് പാര്‍ട്ടികളില്‍ നിന്നും എം.എല്‍.മാര്‍ രാജിവെച്ചതോടെയാണ് കര്‍ണാടക സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ്. എം.എല്‍.എമാരുമാണ് ശനിയാഴ്ച ഉച്ചയോടെ സ്പീക്കറുടെ ഓഫീസിലെത്തി രാജി സമര്‍പ്പിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ രാമലിംഗ റെഡ്ഡി, എച്ച്. വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്‍, ബി.സി. പാട്ടീല്‍, സൗമ്യ റെഡ്ഡി എന്നിവരടങ്ങുന്ന എം.എല്‍.എമാരാണ് സ്പീക്കറുടെ ഓഫീസിലെത്തി രാജി നല്‍കിയത്.

രാജിയ്ക്കു പിന്നില്‍ ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമരയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എം.എല്‍.എമാരെ സ്വാധീനിച്ചിരിക്കുകയാണെന്നും ബി.ജെ.പി ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചിരുന്നു.

രാജിവെച്ച കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരില്‍ പത്തു പേരെ ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തില്‍ മുംബൈയിലെത്തിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം ബി.ജെ.പി എം.എല്‍.എമാരായ അശ്വത് നാരായണ്‍, അരവിന്ദ് ലിംബാവലി എന്നിവരുമുണ്ടെന്നാണ് സൂചന.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിയ്ക്കുന്നില്ലെന്ന് ബി.ജെ.പി ആവര്‍ത്തിക്കുന്നതിനിടെയാണ് എം.എല്‍.എമാരെ രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തില്‍ മുംബൈയിലെത്തിച്ചിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more