|

എച്ച്.ഡി കുമാരസ്വാമി രാജിവെച്ചേക്കും; കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജിവെച്ചേക്കും. 16 കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാര്‍ രാജി വെച്ച സാഹചര്യത്തിലാണ് കുമാരസ്വാമി രാജിവെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിധാന്‍സൗധയിലെ പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടേക്കുമെന്നാണ് സൂചന.

ജെ.ഡി.എസ് പിന്തുണയോടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകളും തുടങ്ങിയെന്നാണ് വിവരങ്ങള്‍. സര്‍ക്കാരുണ്ടാക്കിയാല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാമെന്ന് ജെ.ഡി.എസ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നാല്‍ വിമതര്‍ തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കുനത്.

ജൂണ്‍ പത്തിന് രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവെച്ചിരുന്നു. സംസ്ഥാനത്തെ മലിനീകരണ ബോര്‍ഡ് അധ്യക്ഷന്‍ കെ.സുധാകര്‍, എം.ബി.ടി നാഗരാജ് എന്നിവരായിരുന്നു രാജിവെച്ചത്.

കഴിഞ്ഞ ദിവസം 14 പേരാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. എന്നാല്‍ ഇതില്‍ ഒന്‍പത് പേരുടെ രാജി സ്പീക്കര്‍ തള്ളിയതിനാല്‍ എട്ട് പേര്‍ ഇന്ന് വീണ്ടും സ്പീക്കര്‍ക്ക് രാജിക്കത്ത് അയച്ചിരുന്നു. വേണ്ടവിധത്തിലുള്ള നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് രാജിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കര്‍ രാജി തള്ളിയത്.

ഇതിനിടെ എം.എല്‍.എമാരെ കാണാനായി മുംബൈയിലെ ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഹോട്ടലിന് മുന്‍പില്‍ നിരോധനാജ്ഞ ലംഘിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്. തിരികെ പോകണമെന്ന് ശിവകുമാറിനോട് പൊലീസ് ആവശ്യം നിരസിച്ചതിനാലായിരുന്നു തുടര്‍ നടപടി.

ഏഴ് മണിക്കൂറോളം ശിവകുമാറും മിലിന്ദ് ദിയോറയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുംബൈയിലെ ഹോട്ടലിന് പുറത്ത് കോണ്‍ഗ്രസ്-ജെ.ഡി.എസ് വിമത എം.എല്‍.എമാരെ കാണാനായി കാത്തുനിന്നിരുന്നു.

Latest Stories