| Thursday, 2nd June 2016, 9:26 am

ജൂണ്‍ നാലിന് പണിമുടക്കുമെന്ന ഭീഷണിയുമായി കര്‍ണാടക പോലീസ്: സമരം ചെയ്താല്‍ നടപടി നേരിടേണ്ടി വരുമെന്ന് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അംഗീകാരമില്ലാത്ത സംഘടനയാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. എസ്മ പ്രകാരം കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി


ബംഗളുരു: ജൂണ്‍ നാലിന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന ഭീഷണിയുമായി കര്‍ണാടക പോലീസ്. അഖില കര്‍ണാടക പോലീസ് മഹാസംഘയാണ് ജൂണ്‍ നാലിന് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

എന്നാല്‍ സമരവുമായി മുന്നോട്ടുപോകാനുള്ള പോലീസിന്റെ തീരുമാനത്തിനെതിരെ സര്‍ക്കാറും ശക്തമായി രംഗത്തെത്തി. ജൂണ്‍ 4ന് പോലീസ് പ്രഖ്യാപിച്ച  സമരം നിരോധിച്ചുകൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്ത് ക്രമസമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ എസ്മ പ്രയോഗിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ കൂട്ട അവധിയെടുത്ത് സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്ന് കര്‍ണാടക പോലീസ് അസോസിയേഷന്‍ അറിയിച്ചു. അമിത ജോലിഭാരം, കുറഞ്ഞ ശമ്പളം, മോശം തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ സമരരംഗത്തിറങ്ങിയത്.

എന്നാല്‍ പോലീസുകാരുടെ സേവനം അത്യാവശ്യമാണെന്നും അതിനാല്‍ കൂട്ട അവധിയെടുക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും ജൂണ്‍ 4ന് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ എസ്മ പ്രയോഗിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.

“കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനു പുറമേ ക്രമസമാധാന പാലനവും സ്വത്തു സംരക്ഷണവും പോലീസിന്റെ ഉത്തരവാദിത്തമാണ്.” സമരാഹ്വാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി ജി. പരമേശ്വര നല്‍കിയ ഉത്തരവില്‍ പറയുന്നു.

അംഗീകാരമില്ലാത്ത സംഘടനയാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. എസ്മ പ്രകാരം കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“സസ്‌പെന്‍ഷനില്‍ കഴിയുന്ന പോലീസുകാരന്‍ (വി. ശശിധരന്‍) ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവരുടെ അസോസിയേഷന്റെ സ്ഥാപക നേതാവാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. പോലീസുകാരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്.” മുഖ്യമന്ത്രി വിശദമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more