ബെംഗളൂരു: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്. ജെ.പി നദ്ദ, ബി.ജെ.പി കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് ബി.വൈ. വിജയേന്ദ്ര, ബി.ജെ.പി ഐ.ടി. സെല്‍മേധാവി അമിത് മാളവ്യ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ബി.ജെ.പി കര്‍ണാടക സ്റ്റേറ്റ് കമ്മിറ്റിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോയുടെ പേരിലാണ് കേസ്. വീഡിയോ മുസ്‌ലിം വിഭാഗത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്നതായിരുന്നു എന്നാണ് പരാതി. എച്ച്.ഡി. രേവണ്ണ അറസ്റ്റിലായ ദിവസം കര്‍ണാടക ബി.ജെ.പിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലായിരുന്നു പ്രസ്തുത വീഡിയോ പ്രത്യക്ഷപ്പെട്ടത്. ബി.ജെ.പി ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യയുടെ എക്‌സ് ഹാന്‍ഡിലിലും ഈ വീഡിയോ പങ്കുവെച്ചിരുന്നു.
മുസ്‌ലിം വിഭാഗത്തിന് ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ എസ്.സി, എസ്.ടി വിഭാഗങ്ങളെ തഴയുന്നു എന്നായിരുന്നു വീഡിയോയുടെ ഉള്ളടക്കം. കാര്‍ട്ടൂണ്‍ രൂപത്തിലുള്ള വീഡിയോ മുസ്‌ലിം വിഭാഗത്തെ ടാര്‍ഗറ്റ് ചെയ്യുന്നതായിരുന്നു. വീഡിയോക്കെതിരെ നേരത്തെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
മതവികാരം വ്രണപ്പെടുത്തി, മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു, കലാപശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കോണ്‍ഗ്രസ് രാജ്യത്തെ സാധാരണക്കാരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് മുസ്‌ലിങ്ങള്‍ക്ക് വീതിച്ചുകൊടുക്കുമെന്ന മോദി അടക്കമുള്ള നേതാക്കള്‍ തുടര്‍ച്ചയായി പ്രചരിപ്പിക്കുന്ന പ്രസ്താവനയ്ക്ക് സമാനമായ വീഡിയോയാണ് ബി.ജെ.പി പ്രചരിപ്പിച്ചിരുന്നത്.
‘സൂക്ഷിക്കണം’ എന്ന് മൂന്ന് തവണ ആവര്‍ത്തിച്ച് എഴുതികൊണ്ടുള്ള കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരുന്നത്. വീഡിയോയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കാണാം. ഒരുവശത്ത് എസ്.സി, എസ്.ടി, ഒ.ബി.സി എന്നിങ്ങനെയെഴുതിയ മുട്ടകള്‍ ഒരു കുട്ടയിലിരിക്കുന്നതായും കാണാം.
പിന്നാലെ കുട്ടയിലേക്ക് രാഹുല്‍ ഗാന്ധി മുസ്‌ലിംഎന്നെഴുതിയ ഒരു മുട്ട കൊണ്ടുവെക്കുന്നു. തുടര്‍ന്ന് മുട്ട വിരിയുകയും മുസ്‌ലിം എന്നെഴുതിയ മുട്ട വിരിഞ്ഞുണ്ടായ വലിയ കോഴികുഞ്ഞിന് മാത്രം രാഹുല്‍ ഭക്ഷണം കൊടുക്കുകയും ചെയുന്നു. ഭക്ഷണത്തിന്റെ കിറ്റില്‍ ‘ഫണ്ട്’ എന്നാണ് എഴുതിയിരിക്കുന്നത്. ശേഷം മറ്റു കോഴിക്കുഞ്ഞുങ്ങളെ വലിയ കോഴിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് കുട്ടയില്‍ നിന്ന് പുറത്താക്കുന്നു. ഇതിനുപിന്നാലെ എല്ലാവരും ആര്‍ത്തു ചിരിക്കുന്നു. ഈ രീതിയിലാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.
content highlights: Karnataka Police registered a case against BJP National President JP Nadda