മൈസൂര്‍: ഒരു കാലത്ത് ആളുകളുടെ പേടിസ്വപ്‌നമായിരുന്ന വീരപ്പന്റെ ഗോപിനാഥത്തെ വനമേഖലയെ ട്രക്കിങ് പാതയാക്കി നവീകരിക്കാനൊരുങ്ങി കര്‍ണാടക വനം വകുപ്പ്.
വീരപ്പന്റെ വിഹാര കേന്ദ്രമായിരുന്ന വനപ്രദേശത്തിലൂടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി വലിയ പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. ട്രക്കിങ് പാത ‘നിഗൂഢ പഥം’ എന്ന പേരിലാണ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാനൊരുങ്ങുന്നത്.
വീരപ്പന്റെ ജന്മസ്ഥലമാണ് തമിഴ്‌നാടിന്റെ അതിര്‍ത്തി ഗ്രാമമായ ഗോപിനാഥം. ഈ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വനം വകുപ്പും ടൂറിസം വകുപ്പും ചേര്‍ന്ന് പദ്ധതികള്‍ ആരംഭിച്ചിരിക്കുന്നത്.
കുറേ കാലങ്ങളായി വനം വകുപ്പ് ഉദ്യോഗസ്ഥരടക്കം ആരും ഈ വനപ്രദേശത്തേക്ക് പോകാറുണ്ടായിരുന്നില്ലെന്നാണ് ചാമരാജനഗറിലെ വനംവകുപ്പ് ഉദ്യോഗസ്ഥനായ മനോജ് കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.
സാധാരണ ടൂറിസ്റ്റുകള്‍ ഗോപിനാഥം കാട്ടില്‍ വന്ന് ടെന്റ് കെട്ടി താമസിച്ച് പോകാറുണ്ടായിരുന്നു. താത്പര്യമുള്ളവര്‍ക്ക് ട്രക്കിങ്ങും ചെയ്യാം. എന്നാല്‍ ആളുകള്‍ തന്നെ അതൊക്കെ നിര്‍ത്തി. അത് നവീകരിച്ച് പദ്ധതികളൊരുക്കാനാണ് ഇപ്പോഴത്തെ ശ്രമം എന്നും മനോജ് കുമാര്‍ പറഞ്ഞു.
ഹൊഗ്ഗനക്കല്‍ അടക്കമുള്ള പ്രദേശത്തെ വെള്ളച്ചാട്ടങ്ങള്‍, വീരപ്പനുമായുണ്ടായ ഏറ്റുമുട്ടലില്‍ വനംവകുപ്പ്-പൊലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട പ്രദേശങ്ങള്‍ എന്നിവയും സഞ്ചാര പഥത്തില്‍ ഉള്‍പ്പെടുത്തും.
പദ്ധതികള്‍ക്കായി വനം വകുപ്പ് അഞ്ചു കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ട്രക്കിങ്ങിനായി റോഡുകള്‍ നവീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറയിക്കുന്നു.
വിനോദ സഞ്ചാരികള്‍ക്ക് ഏറെ ജനപ്രിയവും ആകാംക്ഷാഭരിതവുമാക്കുന്ന ട്രക്കിങ് അനുഭവമായിരിക്കും ഈ പദ്ധതി നടപ്പിലാവുന്നതിലൂടെ സാധ്യമാകുക എന്നും മനോജ് കുമാര്‍ പറഞ്ഞു.