| Thursday, 18th July 2024, 9:20 am

കർണാടകയിൽ ജോലി കന്നഡിഗർക്ക്; പ്രതിഷേധം ശക്തം; ബിൽ താത്ക്കാലികമായി നിർത്തിവെച്ച് കർണാടക സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: വൻ പ്രതിഷേധത്തെ തുടർന്ന് സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് സംവരണം നിർബന്ധമാക്കുന്ന ബിൽ താത്ക്കാലികമായി നിർത്തിവെച്ച് കർണാടക സർക്കാർ. സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സർക്കാർ ബിൽ പുനഃപരിശോധിക്കും.

സ്വകാര്യമേഖലയിലെ മാനേജ്‌മെൻ്റ് തസ്തികകളിൽ 50 ശതമാനത്തിലേക്കും മാനേജ്‌മെൻ്റ് ഇതര തസ്തികകളിൽ 75 ശതമാനത്തിലേക്കും കന്നഡിഗരെ നിയമിക്കണമെന്ന ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി മണിക്കൂറുകൾക്ക് ശേഷമാണ് ഈ നീക്കം.

ഐ.ടി കമ്പനികള്‍, വ്യവസായശാലകള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളിലെ മാനേജ്മെന്റ് തസ്തികകളിൽ 50 ശതമാനവും ഇതര തസ്തികകളിൽ 70 ശതമാനവും കര്‍ണാടകത്തില്‍ ജനിച്ചുവളര്‍ന്ന, കന്നഡഭാഷ അറിയാവുന്ന പ്രദേശവാസികള്‍ക്ക് സംവരണം ചെയ്യാനായിരുന്നു തീരുമാനം.

ഇതിനായുള്ള ബില്ലിന് (കര്‍ണാടക സ്റ്റേറ്റ് എംപ്ലോയ്-മെന്റ് ഒഫ് ലോക്കൽ കാൻഡിഡേറ്റ്സ് ഇൻ ദി ഇൻഡസ്ട്രീസ്, ഫാക്ടറീസ്, അദര്‍ എസ്റ്റാബ്ലിഷ്മെന്റ് ബിൽ 2024) മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേര്‍ന്ന മന്ത്രിസഭായോ​ഗം അനുമതി നൽകുകയായിരുന്നു.

ഒന്നരലക്ഷത്തിലേറെ മലയാളികളാണ് ബെംഗളൂരുവില്‍ മാത്രം ഐ.ടി കമ്പനികളിലുള്ളത്. ബിൽ നിയമമാകുമ്പോൾ അത് മലയാളികളെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പാണ്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വൻകിട ബയോഫാര്‍മസ്യൂട്ടിക്കൽ കമ്പനിയായ ബയോകോൺ സ്ഥാപക കിരൺ മജും​ദാര്‍, ഇൻഫോസിസ് മുൻ സി.എഫ്.ഒ മോഹൻദാസ് പൈ തുടങ്ങിയവര്‍ രം​ഗത്തെത്തി.

ഈ ബിൽ സാങ്കേതികവിദ്യയുടെ മേഖലയിലുള്ള അതിൻ്റെ മുൻനിര സ്ഥാനത്തെ ബാധിക്കാൻ അനുവദിക്കരുതെന്നും ഉയർന്ന വൈദഗ്ധ്യമുള്ള റിക്രൂട്ട്‌മെൻ്റിന് ഇളവുകൾ നൽകണമെന്നും ബയോകോൺ ലിമിറ്റഡിൻ്റെ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ കിരൺ മജുംദാർ ഷാ പറഞ്ഞു

വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ അഭാവത്തിൽ കമ്പനികള്‍ മറ്റിടങ്ങളിലേക്ക് പോകാനേ തീരുമാനം വഴി വെക്കൂവെന്ന് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനികളുടെ ദേശീയ കൂട്ടായ്മയ നാസ്കോം പ്രതികരിച്ചു.

Content Highlight: Karnataka pauses private jobs quota-for-locals bill after huge backlash

We use cookies to give you the best possible experience. Learn more