ബെംഗളൂരു: വൻ പ്രതിഷേധത്തെ തുടർന്ന് സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് സംവരണം നിർബന്ധമാക്കുന്ന ബിൽ താത്ക്കാലികമായി നിർത്തിവെച്ച് കർണാടക സർക്കാർ. സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സർക്കാർ ബിൽ പുനഃപരിശോധിക്കും.
സ്വകാര്യമേഖലയിലെ മാനേജ്‌മെൻ്റ് തസ്തികകളിൽ 50 ശതമാനത്തിലേക്കും മാനേജ്‌മെൻ്റ് ഇതര തസ്തികകളിൽ 75 ശതമാനത്തിലേക്കും കന്നഡിഗരെ നിയമിക്കണമെന്ന ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി മണിക്കൂറുകൾക്ക് ശേഷമാണ് ഈ നീക്കം.
ഐ.ടി കമ്പനികള്‍, വ്യവസായശാലകള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളിലെ മാനേജ്മെന്റ് തസ്തികകളിൽ 50 ശതമാനവും ഇതര തസ്തികകളിൽ 70 ശതമാനവും കര്‍ണാടകത്തില്‍ ജനിച്ചുവളര്‍ന്ന, കന്നഡഭാഷ അറിയാവുന്ന പ്രദേശവാസികള്‍ക്ക് സംവരണം ചെയ്യാനായിരുന്നു തീരുമാനം.
ഇതിനായുള്ള ബില്ലിന് (കര്‍ണാടക സ്റ്റേറ്റ് എംപ്ലോയ്-മെന്റ് ഒഫ് ലോക്കൽ കാൻഡിഡേറ്റ്സ് ഇൻ ദി ഇൻഡസ്ട്രീസ്, ഫാക്ടറീസ്, അദര്‍ എസ്റ്റാബ്ലിഷ്മെന്റ് ബിൽ 2024) മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നൽകുകയായിരുന്നു.