| Tuesday, 30th August 2016, 8:06 pm

കല്‍ബുര്‍ഗി കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം; പ്രതികളെ കണ്ടെത്താനാകാതെ അന്വേഷണ ഏജന്‍സികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗോവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സനാതന്‍ സന്‍സ്ഥാന്റെ നേര്‍ക്കാണ് പൊലീസിന്റെ സംശയമുന നീണ്ടിരുന്നത്.


ബംഗളുരു: എഴുത്തുകാരനും പണ്ഡിതനും കന്നഡ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ മല്ലേഷാപ്പ എം. കല്‍ബുര്‍ഗി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം. എന്നാലിപ്പോഴും കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല.

2015 ആഗസ്ത് 30ന് കാലത്ത് എട്ടേമുക്കാലോടെ കല്യാണ്‍ നഗറിലുള്ള വീട്ടിനുള്ളില്‍ വെച്ചാണ് കല്‍ബുര്‍ഗിക്കു വെടിയേറ്റത്. വീട്ടിലെത്തിയ മുന്നുപേര്‍ വാദപ്രതിവാദങ്ങള്‍ക്കുശേഷം അദ്ദേഹത്തിനുനേരെ നിറയൊഴിക്കുകയായിരുന്നു.

ദാര്‍വാഡിലെ കല്യാണ്‍നഗറില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറയില്‍ കറുത്ത തുണി കൊണ്ട് മുഖം മറച്ച രണ്ട് പേര്‍ മോട്ടോര്‍ സൈക്കിളില്‍ പാഞ്ഞുപോകുന്നത് റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതും വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല.

ഹിന്ദു മതത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനും വിഗ്രഹാരാധനയെ എതിര്‍ത്തതിനും കല്‍ബുര്‍ഗിക്ക് ഹിന്ദുത്വ കക്ഷികളുടെ വധഭീഷണിയുണ്ടായിരുന്നു. എന്നാല്‍ ഭീഷണിയൊന്നും അദ്ദേഹം മുഖവിലക്കെടുത്തിരുന്നില്ല. ഹിന്ദുത്വവാദികള്‍ കല്‍ബുര്‍ഗിയെ ഹിന്ദുവിരുദ്ധനെന്നാണ് വിളിച്ചിരുന്നതെന്ന് അയല്‍വാസികള്‍ മൊഴിനല്‍കിയിരുന്നു.

ഗോവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സനാതന്‍ സന്‍സ്ഥാന്റെ നേര്‍ക്കാണ് പൊലീസിന്റെ സംശയമുന നീണ്ടിരുന്നത്. എന്നാല്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. നേരത്തെ നരേന്ദ്ര ധാബോല്‍ക്കറുടേയും ഗോവിന്ദ് പന്‍സാരെയുടേയും കൊലപാതകത്തിന് പിന്നില്‍ സനാതന്‍ സന്‍സ്ഥാന്റെ പേര് തന്നെയാണ് പറഞ്ഞു കേട്ടിരുന്നത്.

കല്‍ബുര്‍ഗി മഹാനായ ചിന്തകനായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും പറഞ്ഞ മുഖ്യമന്ത്രി സി.എം സിദ്ധാരാമയ്യ പക്ഷേ അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്താന്‍ തയ്യാറായില്ല. അവര്‍ അവരുടെ ജോലി മുടക്കമില്ലാതെ ചെയ്‌തെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം. കല്‍ബുര്‍ഗിയുടെ പേരില്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്ന ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ മറന്ന മട്ടാണ്.

വിഗ്രഹാരാധനയെ എതിര്‍ത്ത് എഴുതിയതിന്റെ പേരില്‍ കൊല്ലപ്പെട്ട എം.എം കല്‍ബുര്‍ഗിയുടെ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദാര്‍വാഡില്‍ റാലി നടന്നു. റാലിയില്‍ നരേന്ദ്ര ധാബോല്‍ക്കറുടേയും ഗോവിന്ദ് പന്‍സാരെയുടേയും കുടുംബാംഗങ്ങള്‍ പങ്കെടുത്തു.

അതേ സമയം നരേന്ദ്ര ധാബോല്‍ക്കറുടേയും ഗോവിന്ദ് പന്‍സാരെയുടേയും കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സനാതന്‍ സന്‍സ്ഥാന്റെ പ്രവര്‍ത്തകരെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് ദാര്‍വാഡില്‍ പ്രമോദ് മുത്തലിക്കിന്റെ നേതൃത്വത്തില്‍ ഇന്നു തന്നെ റാലി ആഹ്വാനം ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more