| Friday, 21st January 2022, 10:04 am

മുസ്‌ലിങ്ങളെ ആക്രമിക്കണമെന്ന ആഹ്വാനത്തിന് പിന്നാലെ 19കാരനെ കുത്തിക്കൊന്നു; ബജ്‌രംഗ് ദള്‍ നേതാവടക്കം നാല് പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ മുസ്‌ലിം യുവാവിന്റെ കൊലപാതകത്തില്‍ ബജ്‌രംഗ് ദള്‍ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍. 19 വയസുകാരനായ ഷമീര്‍ സുബ്‌നസാദിനെ ഗാഡ്ജ് ജില്ലയിലെ നാര്‍ഗണ്ഡിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

നേരത്തെ മുസ്‌ലിങ്ങളെ അക്രമിക്കണമെന്ന് ബജ്‌രംഗ് ദള്‍ നേതാവായ സഞ്ജു നല്‍വാദി ആഹ്വാനം നടത്തിയിരുന്നു. നാര്‍ഗണ്ഡ് പൊലീസ് സ്റ്റേഷന് മുന്നില്‍ വിളിച്ചു ചേര്‍ത്ത റാലിയെ അഭിംസംബോധന ചെയ്ത് പ്രസംഗിക്കവേയാണ് ഇയാള്‍ മുസ്‌ലിങ്ങളെ അക്രമിക്കാന്‍ ആഹ്വാനം നടത്തിയത്. ഈ പ്രസംഗം നടന്നു മണിക്കൂറുകള്‍ക്കകമാണ് 19 വയസുകാരനെ നല്‍വാദി ഉള്‍പ്പെടെയുള്ള സംഘം കൊലപ്പെടുത്തിയത്.

റാലിയെ അഭിസംബോധന ചെയ്ത നല്‍വേദി ‘പൊലീസ് വേണമെങ്കില്‍ തങ്ങളെ അറസ്റ്റ് ചെയ്‌തോട്ടെ’ എന്നും പറഞ്ഞിരുന്നു. കേസൊക്കെ തങ്ങള്‍ ബുക്ക് ചെയ്തിട്ടാണ് വരുന്നതെന്നും എത്ര പേര്‍ക്കെതിരെ വേണമെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യട്ടെയെന്നും നല്‍വേദി പറഞ്ഞിരുന്നു.

ജനുവരി 17 ന് രാത്രി 7: 15 നാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്നു ഷമീറിനെ സഞ്ജു നല്‍വാദി ഉള്‍പ്പെടെയുള്ള എട്ടോളം പേര്‍ വരുന്ന സംഘം പിന്തുടര്‍ന്ന് വന്ന് അക്രമിച്ച് വീഴ്ത്തിയ ശേഷം കുത്തുകയായിരുന്നു. സുഹൃത്ത് ഓടിരക്ഷപ്പെട്ടെങ്കിലും മാരകമായി കുത്തേറ്റ ഷമീര്‍ മരണപ്പെടുകയായിരുന്നു.

മല്ലികാര്‍ജുന്‍(20), ചെന്നാബാസപ്പ(19), സക്രാപ്പ(20), ബജ്‌രംഗ് ദള്‍ നേതാവ് സഞ്ജു നല്‍വേദി(35) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

The arrested accused | Photo: Courtesy Gadag police

ഇരുസമുദായങ്ങള്‍ക്കിടയിലും ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു എന്നാല്‍ ഷമീറിന് ഈ സംഭവങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് സഹോദരനായ സഹില്‍ പറഞ്ഞു.

‘സാമുദായിക സംഘര്‍ഷങ്ങള്‍ മൂലം ഞങ്ങളുടെ പ്രദേശത്ത് ഭീതി പടര്‍ന്നിരുന്നു. എന്നാല്‍ അതെന്റെ സഹോദരന്റെ ജീവനെടുക്കുമെന്ന് വിചാരിച്ചില്ല. അവനിതിനെ പറ്റിയൊന്നും ചിന്തിക്കുക കൂടി ചെയ്തിട്ടില്ല. ഏകദേശം ഒരു മാസം മുന്‍പ് മുസ്‌ലിം പെണ്‍കുട്ടികളെ ഹിന്ദു ആണ്‍കുട്ടികള്‍ ശല്യം ചെയ്യുന്ന സംഭവമുണ്ടായിരുന്നു.

ഇതേതുടര്‍ന്ന് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ചില ആണ്‍കുട്ടികളെ ആക്രമിച്ചിരുന്നു. അതിലൊരു ആണ്‍കുട്ടിയുടെ വിരല്‍ നഷ്ടപ്പെട്ടിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഷമീറിനെ അവര്‍ ലക്ഷ്യം വെച്ചിരുന്നു,’ സഹില്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് നാളുകളായി തീവ്രഹിന്ദുത്വ സംഘടനകള്‍ കര്‍ണാടകയുടെ പല ഭാഗത്തും ക്രിസ്ത്യന്‍, മുസ്‌ലിം, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ പല തരത്തില്‍ അക്രമങ്ങള്‍ അഴിച്ചു വിടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്.

ഫോട്ടോ: ദി പ്രിന്റ്

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: karnataka-muslim-youth-killed-hours-after-hate-speech-bajrang-dal-member-among-4-arrested

We use cookies to give you the best possible experience. Learn more