ബെംഗളൂരു: ദക്ഷിണേന്ത്യക്ക് ഒരു പ്രത്യേക രാജ്യം വേണമെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക എം.പിയുമായ ഡി.കെ. സുരേഷ്. കര്‍ണാടകയ്ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വേണ്ടത്ര ഫണ്ടുകള്‍ അനുവദിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് പരാമര്‍ശം.
വ്യാഴാഴ്ച നടന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ ഇടക്കാല ബജറ്റ് അവതരണത്തില്‍ ദക്ഷിണേന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ നീതിപരമായല്ല പരിഗണിച്ചതെന്നും ഡി.കെ. സുരേഷ് പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ എത്തേണ്ട ഫണ്ടുകള്‍ വകമാറ്റി കേന്ദ്ര സര്‍ക്കാര്‍ ഉത്തരേന്ത്യയിലേക്ക് മാറ്റുകയാണെന്നും ഹിന്ദി ഭൂരിപക്ഷം ദക്ഷിണേന്ത്യയ്ക്ക് മേല്‍ അടിച്ചമര്‍ത്തല്‍ നടത്തുന്നുണ്ടെന്നും എം.പി ആരോപണം ഉയര്‍ത്തി. ഈ സാഹചര്യത്തില്‍ ദക്ഷിണേന്ത്യക്ക് മാത്രമായി ഒരു പ്രത്യേക രാജ്യം ആവശ്യപ്പെടാതെ മറ്റൊരു മാര്‍ഗവുമിനിയില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിനോടുള്ള എം.പിയുടെ പ്രതികരണം.
അതേസമയം ഡി.കെ. സുരേഷിന്റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിഭജിച്ച് ഭരിക്കുന്ന ചരിത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടേതെന്നും ആയതിനാല്‍ അവരുടെ എം.പിയായ ഡി.കെ. സുരേഷിന്റെ ആവശ്യം പുതുമയുള്ളതല്ലെന്നും ബി.ജെ.പി പറഞ്ഞു.
ഇന്ത്യയെ തെക്കും വടക്കുമായി വിഭജിച്ച് ഭരിക്കാനുള്ള തന്ത്രം കോണ്‍ഗ്രസ് പാര്‍ട്ടി ലോക്‌സഭാ എം.പിയിലൂടെ മെനയുകയാണെന്ന് ബി.ജെ.പി എം.പിയായ തേജസ്വി സൂര്യ വിമര്‍ശിച്ചു.
Content Highlight: Karnataka MP wants separate country for South India