Advertisement
national news
കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിമാരെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ബി.ജെ.പി എം.എല്‍.എ ശ്രമിച്ചതായി യുവതിയുടെ വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 10, 04:06 am
Thursday, 10th October 2024, 9:36 am

ബെംഗളൂരു: ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ബി.ജെ.പി എം.എല്‍.എ മുനിരത്‌നയ്‌ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി അതിജീവിത. കര്‍ണാടകയിലെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരെ ഹണിട്രാപ്പില്‍ കുടുക്കാന്‍ മുനിരത്‌ന ശ്രമം നടത്തിയതായി യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.ഇതിന് പുറമെ മറ്റ് മന്ത്രിമാരുടെ സ്വകാര്യ വീഡിയോകള്‍ ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തി മന്ത്രി പദം കൈക്കലാക്കാനും മുനിരത്‌ന ശ്രമിച്ചതായി യുവതി ആരോപിച്ചിട്ടുണ്ട്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവില്‍വെച്ചാണ് ഈ സംഭവങ്ങള്‍ നടന്നതെന്ന് പറഞ്ഞ യുവതി സര്‍ക്കാര്‍ പരാതിക്കാരിക്ക് സംരക്ഷണം നല്‍കിയാല്‍ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാമെന്നും, ഹണിട്രാപ്പിന് ഇരയായവരുടെ പേരുകള്‍ വെളിപ്പെടുത്താമെന്നും യുവതി അറിയിച്ചിട്ടുണ്ട്.

ഇവരെക്കൂടാതെ പൊലീസ് കമ്മീഷണര്‍, എം.എല്‍.എ എന്നിവരുടേയും സ്വകാര്യ ദൃശ്യങ്ങള്‍ മുനിരത്‌നയുടെ കൈയില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അവരെല്ലാം ഭയം കാരണമാണ് ഇതിനെതിരെ പ്രതികരിക്കാത്തതെന്നും യുവതി പ്രതികരിച്ചു. ചില വീഡിയോകള്‍ മുനിരത്‌ന അറിയാതെ തന്റെ ഫോണിലേക്ക് മാറ്റിയിട്ടുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

വെളിപ്പെടുത്തല്‍ നടത്തിയ യുവതിയേയും മുനിരത്‌ന ഹണിട്രാപ്പിനായി ഉപയോഗിച്ചിട്ടുണ്ട്. യുവതിയെ ബലാത്സംഗം ചെയ്ത് സ്വകാര്യദൃശ്യങ്ങള്‍ കൈക്കലാക്കിയ ഇയാള്‍ ഇതുപയോഗിച്ച് അതിജീവിതയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

നിലവില്‍ യുവതിയുടെ പരാതിയില്‍ ജയിലില്‍ കഴിയുന്ന മുനിരത്‌നയ്‌ക്കെതിരെ മൂന്ന് കേസുകളില്‍ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ തന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒന്നും തന്നെയില്ലെന്നും  യുവതി അറിയിച്ചു.

ബെംഗളൂരുവിലെ ആര്‍.ആര്‍ നഗര്‍ എം.എല്‍.എയായ മുനിരത്‌ന നിലവില്‍ ബലാത്സംഗക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച് വരികയാണ്. ഇതാദ്യമായല്ല എം.എല്‍.എയ്‌ക്കെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയരുന്നത്. ബെംഗളൂരു കോര്‍പ്പറേഷനിലെ കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ അറസ്റ്റിലായ മുനിരത്ന ജാമ്യത്തില്‍ ഇറങ്ങിയിരുന്നെങ്കിലും തൊട്ടടുത്ത ദിവസം ബലാത്സംഗക്കേസില്‍ വീണ്ടും അറസ്റ്റിലാവുകയായിരുന്നു.

തന്റെ രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ മുനിരത്ന എച്ച്.ഐ.വി ബാധിതരായ സ്ത്രീകളെ ഹണിട്രാപ്പിനായി ഉപയോഗിച്ചതായികഴിഞ്ഞ മാസം ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഹണിട്രാപ്പിനായി ഉപയോഗിച്ച സ്ത്രീയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

Content Highlight: Karnataka MLA tried to trap Ex CM’s using honey trap