ശത്രുക്കളെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ബി.ജെ.പി എം.എല്‍.എ എയ്ഡ്‌സ് ബാധിതയെ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
national news
ശത്രുക്കളെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ബി.ജെ.പി എം.എല്‍.എ എയ്ഡ്‌സ് ബാധിതയെ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st September 2024, 2:39 pm

ബെംഗളുരു: രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ മുനിരത്‌ന എച്ച്.ഐ.വി ബാധിതരായ സ്ത്രീകളെ ഹണിട്രാപ്പിനായി ഉപയോഗിച്ചതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്‌. മുനിരത്‌ന തന്നെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് രംഗത്തെത്തിയ സ്ത്രീ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നിലവില്‍ ബെംഗളൂരു കോര്‍പ്പറേഷനിലെ കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ ജയിലിലായ മുനിരത്‌ന കഴിഞ്ഞ ദിവസം ജാമ്യത്തില്‍ ഇറങ്ങിയിരുന്നെങ്കിലും ബലാത്സംഗക്കേസില്‍ വീണ്ടും അറസ്റ്റില്‍ ആവുകയായിരുന്നു.

പരാതി നല്‍കിയ സ്ത്രീയോട്‌, തന്റെ രാഷ്ട്രീയ എതിരാളികളില്‍ ഒരാളെ ഹണി ട്രാപ്പില്‍പ്പെടുത്താന്‍ എച്ച്.ഐ.വി ബാധിതയായ മറ്റൊരു സ്ത്രീയെ ഉപയോഗിച്ചിരുന്നതായി മുനിരത്‌ന വെളിപ്പെടുത്തിയിരുന്നു. വീണ്ടും ഇത്തരത്തില്‍ മറ്റൊരു എതിരാളിയെക്കൂടി കുടുക്കാന്‍ ഹെല്‍പ് ചെയ്യണമെന്ന് എം.എല്‍.എ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതിക്കാരി ഈ ആവശ്യം നിരസിക്കുകയായിരുന്നു.

അതേസമയം യുവതിയുടെ വെളിപ്പെടുത്തല്‍ പ്രകാരമുള്ള എച്ച്.ഐ.വി ബാധിതരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കര്‍ണാടക പൊലീസ്. ‘ഇത്തരം സംഭവങ്ങള്‍ വളരെ വിരളമായി മാത്രമെ മുമ്പ് സംഭവിച്ചിട്ടുള്ളു. അതിനാല്‍ തന്നെ അന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് വിദഗ്ധരുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്,’ പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോട്ട് ചെയ്തു.

ഹണിട്രാപ്പിനായി ഉപയോഗിച്ച സ്ത്രീയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചു കഴിഞ്ഞു. യുവതിയെ കണ്ടെത്തിയാലുടന്‍ അവരെ എച്ച്.ഐ.വി പരിശോധനയ്ക്ക് വിധേയയാക്കും. അവര്‍ക്ക് രോഗം ഉണ്ടെന്ന് സ്ഥിരീകരിച്ചാല്‍ ഹണിട്രാപ്പിന് ഇരയായവരെയും പരിശോധനയ്ക്ക് വിധേയരാക്കേണ്ടി വരും.

മുനിരത്‌നയ്‌ക്കെതിരായ പരാതി നല്‍കിയ യുവതിയെയും രോഗബാധയുടെ കാര്യം പറഞ്ഞ് മുനിരത്‌ന ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. അതേസമയം ഹണിട്രാപ്പില്‍ കുടുങ്ങിയ നേതാക്കള്‍ എം.എല്‍.എക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഒരു പൊലീസുകാരന്‍ കൂടി ഹണി ട്രാപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിവരങ്ങളുണ്ട്.

അതേസമയം കരാറുകാരനോട് കൈക്കൂലി ചോദിച്ചതിന് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന മുനിരത്‌നയ്ക്ക് കഴിഞ്ഞ ദിവസം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പീഡന പരാതിയില്‍ അറസ്റ്റിലാവുന്നത്.

യുവതി നല്‍കിയ പരാതിയില്‍ മുനിരത്‌ന അടക്കം ഏഴുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഒരാഴ്ച്ചക്കെതിരെ മുനിരത്‌നയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ കേസാണിത്.

Content Highlight: Karnataka MLA Munirathna used HIV+ women to honey trap political rivals