| Thursday, 16th November 2023, 9:22 am

കര്‍ണാടകയില്‍ ഹിജാബിന് വിലക്കില്ല, ഉത്തരവ് തെറ്റായി വ്യാഖ്യനിച്ചു: ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: സര്‍ക്കാര്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. പുതിയ ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും പരീക്ഷകളില്‍ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ക്രമക്കേടുകള്‍ തടയുക മാത്രമാണ് ലക്ഷ്യമിട്ടതെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകര്‍ വ്യക്തമാക്കി.

റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഹിജാബിന് അനുമതി നല്‍കിയ ഉത്തരവ് പിന്‍വലിച്ചെന്ന രീതിയില്‍ കഴിഞ്ഞദിവസം വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കര്‍ണാടക എക്‌സാമിനേഷന്‍ അതോറിറ്റി പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു റിപ്പോര്‍ട്ട്. ബോര്‍ഡുകളിലേക്കും കോര്‍പ്പറേഷനുകളിലേക്കും ഉള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ തല മറയ്ക്കുന്ന എല്ലാ തരം വസ്ത്രങ്ങളും ഒഴിവാക്കണമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു.

ഒക്ടോബറില്‍ കര്‍ണാടക സര്‍ക്കാര്‍ മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകര്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ ഹിജാബ് ധരിച്ചുവരാന്‍ അനുമതി നല്‍കിയത് വലതുപക്ഷ സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു.

അഞ്ചു കോര്‍പ്പറേഷനുകളിലെ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 28, 29 തീയതികളിലാണ് പരീക്ഷ നടന്നത്.
എന്നാല്‍ ചില വിദ്യാര്‍ത്ഥികള്‍ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

കര്‍ണാടകയുടെ ഐക്യവും മതേതര പൈതൃകവും സംരക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുടെ ചോദ്യമില്ലെന്നും വിദ്വേഷ രാഷ്ട്രീയം വെച്ച് പൊറുപ്പിക്കില്ലെന്നും ഭയത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

Content Highlight: Karnataka minister statement on  hijab ban

We use cookies to give you the best possible experience. Learn more