ബെംഗളൂരു: കര്‍ണാടകയിലെ മന്ത്രിസഭാ വിപുലീകരണത്തില്‍ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടാല്‍ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് സൂചന നല്‍കി വനം-പരിസ്ഥതി മന്ത്രി ആര്‍. ശങ്കര്‍. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്നും മന്ത്രിസഭയില്‍ നിന്ന് പുറത്തായതോടെ ഒരു പുനരാലോചന നടത്തുമെന്നും ആര്‍. ശങ്കര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് തന്നെ തള്ളിയതായി ഞാന്‍ തിരിച്ചറിയുന്നു. ബി.ജെ.പിയുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. മന്ത്രിസഭയില്‍ നിന്ന് പുറത്തായതോടെ ഒരു പുനരാലോചന നടത്തും. കര്‍ണാടക പ്രജന്യവന്ത ജനതാ പാര്‍ട്ടിയുടെ എം.എല്‍.എ കൂടിയായ ആര്‍. ശങ്കര്‍ പറഞ്ഞു.
ശങ്കറിനെ കൂടാതെ മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ മന്ത്രിയായ രമേഷ് ജാര്‍കിഹോളിക്കും മന്ത്രസഭാ പുനഃസംഘടനയില്‍ സ്ഥാനം നഷ്ടമായിട്ടുണ്ട്. അദ്ദേഹം നേരത്തെ ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. മന്ത്രിസഭാ യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന് പകരമായി സഹോദരന്‍ സതീഷ് ജാര്‍കിഹോളി പുതിയ മന്ത്രിമാരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
സതീഷ് ജാര്‍കിഹോളിയടക്കം എട്ട് പുതിയ മന്ത്രിമാരുടെ പേരാണ് കോണ്‍ഗ്രസ് ശനിയാഴ്ച പുറത്തുവിട്ട ലിസ്റ്റിലുള്ളത്. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. ഇതില്‍ ആറ് പേര്‍ കോണ്‍ഗ്രസ് അംഗങ്ങളും രണ്ട് പേര്‍ ജെ.ഡി.എസ് അംഗങ്ങളുമായിരിക്കും
കോണ്‍ഗ്രസില്‍ നിന്ന് എം.ടി.ബി നാഗരാജ്, സി.എസ് ശിവാലി, സതീഷ് ജാര്‍ഖിഹോലി, ആര്‍.ബി തീമ്മാപുര്‍, റഹീം ഖാന്‍, തന്‍വീര്‍ സെയ്ദ് എന്നിവരാണ് മന്ത്രിസഭയില്‍ എത്തുക. നിലവിലെ രണ്ട് മന്ത്രിമാരോട് കോണ്‍ഗ്രസ് രാജിവെക്കാന്‍ ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേ സമയം, ജെ.ഡി.എസ് മന്ത്രിമാരെ കുറിച്ച് ധാരണയായിട്ടില്ല. പാര്‍ട്ടി അധ്യക്ഷന്‍ ദേവഗൗഡ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞിട്ടുണ്ട്. മന്ത്രിമാരെ കുറിച്ച് തര്‍ക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.