ബെംഗളൂരു: ലൈംഗികാരോപണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കര്‍ണാടകയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ജെ.ഡി.എസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയെ ശ്രീകൃഷ്ണനുമായി താരതമ്യം ചെയ്ത് കര്‍ണാടക എക്‌സൈസ് മന്ത്രി രാമപ്പ തിമ്മപ്പൂര്‍. ശ്രീകൃഷ്ണന്‍ ഒന്നിലധികം സ്ത്രീകളോടൊപ്പം ഭക്തിയോടെ ജീവിച്ചെന്നും ആ റെക്കോഡ് തകര്‍ക്കാന്‍ പ്രജ്വല്‍ ആഗ്രഹിക്കുന്നുണ്ട് എന്നുമായിരുന്നു രാമപ്പയുടെ പരാമര്‍ശം.
ഒരു പൊതുയോഗത്തില്‍ വെച്ച് നടത്തിയ ഈ പ്രതികരണം വിവാദമായതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി. സംഭവത്തെ കോണ്‍ഗ്രസ് തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. ഇത് പാര്‍ട്ടി നിലപാടല്ലെന്നും രാമപ്പയുടെ വ്യക്തിപരമായ അഭിപ്രായമാണ് എന്നുമാണ് കോണ്‍ഗ്രസ് നിലപാട്.
കര്‍ണാടകയിലെ വിജയപുരയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ വെച്ചാണ് ലൈംഗികാരോപണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രജ്വല്‍രേവണ്ണയെ ഹൈന്ദവ ദൈവമായ ശ്രീകൃഷ്ണനുമായി താരതമ്യപ്പെടുത്തി മന്ത്രി സംസാരിച്ചത്. ‘ ഇതുപോലെ മോശമായതൊന്നും ഈ രാജ്യത്ത് നടന്നിട്ടില്ല. ഇത് ഗിന്നസ് റെക്കോഡ് സൃഷ്ടിക്കും. ശ്രീകൃഷ്ണന്‍ ഒന്നിലധികം സ്ത്രീകളോടൊപ്പം ജീവിച്ചത് ഭക്തിയോടൊ ആയിരുന്നു. എന്നാല്‍ പ്രജ്വല്‍ രേവണ്ണയുടേത് അങ്ങനെയല്ല. അദ്ദേഹം ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്,’ രാമപ്പ പറഞ്ഞു.
രാമപ്പയുടെ പരാമര്‍ശം വിവാദമായതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. രാമപ്പ ശ്രീകൃഷ്ണനെ അപമാനിച്ചു എന്നും അദ്ദേഹത്തെ ഉടന്‍ മന്ത്രി സഭയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്നും കര്‍ണാടകയിലെ ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ സി.ടി രവി പറഞ്ഞു.
രാമപ്പയുടെ പ്രസ്താവനയെ കോണ്‍ഗ്രസും തള്ളിപ്പറഞ്ഞിട്ടുണ്ട്. പ്രസ്താവനയെ അപലപിക്കുന്നു എന്നും ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും കോണ്‍ഗ്രസ് വാക്താവ് സുപ്രിയ ശ്രീനേത് പറഞ്ഞു. രാമപ്പയെ അദ്ദേഹം രാക്ഷസനെന്നും വിശേഷിപ്പിച്ചു.
അതേസമയം പ്രജ്വല്‍ രേവണ്ണക്കെതിരെ ഇന്ന് വീണ്ടും പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുള്‍പ്പടെ മൂന്ന് കേസുകളാണ് ഇപ്പോള്‍ പ്രജ്വല്‍ രേവണ്ണക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തുടര്‍ച്ചയായി ലൈംഗികാരോപണങ്ങള്‍ ഉയരുകയും പരാതികളില്‍ കേസുകളെടുക്കുകയും ചെയ്തതോടെ പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടിരിക്കുകയാണ്. നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് പ്രജ്വല്‍ രാജ്യം വിട്ടിരിക്കുന്നത്. കേസുകള്‍ കര്‍ണാടകയില്‍ എന്‍.ഡി.എക്ക് വലിയ തിരിച്ചടിയാകുകയും ചെയ്തിട്ടുണ്ട്.
CONTENT HIGHLIGHTS: Karnataka Minister Prajwal Revanna is trying to break Srikrishna’s record