| Monday, 13th April 2020, 11:28 pm

സ്വിമ്മിംങ് പൂളില്‍ കുളിച്ചത് ഇത്രവലിയ കുറ്റമാണോ?; കര്‍ണാടകത്തിലെ ബി.ജെ.പി മന്ത്രി ചോദിക്കുന്നത് ഇങ്ങനെ; വിവാദത്തില്‍ പുകഞ്ഞ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗലൂരു: കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്കിടെ കര്‍ണാടകത്തില്‍ യെദിയൂരപ്പ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. കൊവിഡ് പ്രത്യേക ചുമതലയുള്ള വിദ്യാഭ്യാസ മന്ത്രി കെ സുധാകര്‍ സ്വിമ്മിംങ് പൂളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കുന്ന ഫോട്ടോയാണ് ബി.ജെ.പി സര്‍ക്കാരിന് പുതിയ തലവേദനയായിരിക്കുന്നത്. എന്നാല്‍. ഇത് ഇത്ര വലിയ കുറ്റമാണോ എന്നാണ് മന്ത്രി സുധാകര്‍ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

‘കഴിഞ്ഞ മാസം വരെ കുടുംബത്തോടും കുട്ടികളോടുമൊപ്പം ചെലവഴിക്കാന്‍ ഒട്ടും സമയം കിട്ടിയിരുന്നില്ല. ഇപ്പോഴാണ് അതിനുള്ള സാഹചര്യം ലഭിച്ചത്. കുട്ടികള്‍ എന്നോട് അവരോടൊപ്പം ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. എനിക്കെന്റെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാന്‍ പറ്റില്ല എന്നുണ്ടോ? എന്റെ വീടിനുള്ളില്‍തന്നെയുള്ള കുട്ടികള്‍ക്കായുള്ള പൂളാണത്. അതൊരു കുറ്റകൃത്യമാണോ’, സുധാകര്‍ ചോദിച്ചു.

സംസ്ഥാനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലായിരിക്കെ സ്വിമ്മിങ് പൂളില്‍നിന്നുള്ള ചിത്രം പങ്കുവെച്ച ബി.ജെ.പി നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ കെ സുധാകറിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു.

സുധാകറിന്റെ പ്രവര്‍ത്തനത്തെ അപലപിച്ച ഡി.കെ, സുധാകര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ‘ലോകം മുഴുവന്‍ മഹാമാരിയെ പ്രതിരോധിക്കുമ്പോള്‍ സുധാകര്‍ സ്വിമ്മിങ് പൂളില്‍ സമയം ചെലവഴിക്കുകയാണ്. കൊവിഡ് ചുമതലയുള്ള മന്ത്രി തന്നെ ഉത്തരവാദിത്വമില്ലാതെ പെരുമാറുകയാണ്’, ഡി.കെ പറഞ്ഞു.

ഇത് ധാര്‍മ്മികതയുടെയും നൈതികതയുടെയും പ്രശ്നമാണ്. സുധാകര്‍ രാജി വെക്കുകയോ മുഖ്യന്ത്രി അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുകയോ ചെയ്യണമെന്നും ഡി.കെ ശിവകുമാര്‍ ആവശ്യപ്പെട്ടു.

ഞായറാഴ്ചയാണ് കുടുംബത്തോടൊപ്പം സ്വിമ്മിങ് പൂളില്‍ ചെലവഴിക്കുന്ന ചിത്രം സുധാകര്‍ ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ വലിയ വിവാദമാണ് കര്‍ണാടകത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്നത്.

ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ കുന്നുകൂടിയതിന് പിന്നാലെ സുധാകര്‍ ട്വീറ്റ് പിന്‍വലിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more