കര്‍ണാടക മന്ത്രി കെ.എസ്. ഈശ്വരപ്പ രാജിവെച്ചു
national news
കര്‍ണാടക മന്ത്രി കെ.എസ്. ഈശ്വരപ്പ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th April 2022, 7:22 pm

ബെംഗളൂരു: കര്‍ണാടക മന്ത്രി കെ.എസ്. ഈശ്വരപ്പ രാജിവെച്ചു. രാജിക്കത്ത് വെള്ളിയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് കൈമാറും.

കോണ്‍ട്രാക്ടറും ബി.ജെ.പി പ്രവര്‍ത്തകനുമായ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയില്‍ ആരോപണവിധേയനായതിന് പിന്നാലെയാണ് ഈശ്വരപ്പയുടെ രാജി. സംഭവത്തില്‍ മന്ത്രിക്കെതിരെ കേസെടുത്തിരുന്നു.

കേസില്‍ കെ.എസ്.ഈശ്വരപ്പയ്ക്കും സഹായികളായ ബസവരാജ്, രമേഷ് എന്നിവര്‍ക്കുമെതിരെയായിരുന്നു കേസെടുത്തിരുന്നത്. കേസുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ എഫ്.ഐ.ആറും ഫയല്‍ ചെയ്തിട്ടുണ്ട്.

ഈശ്വരപ്പയ്ക്ക് എതിരെ ഉടന്‍ നടപടിയില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ നേരത്തെ പറഞ്ഞിരുന്നു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാകാതെ തീരുമാനമെടുക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ഈശ്വരപ്പയ്ക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സന്തോഷിന്റെ മരണം. ഈശ്വരപ്പയ്ക്ക് എതിരെ പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ സന്തോഷ് പരാതി നല്‍കിയിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് സന്തോഷ് പാട്ടീല്‍ ഉഡുപ്പിയിലെ ലോഡ്ജില്‍ മുറിയെടുത്തത്. അദ്ദേഹത്തിന് ഒപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. രണ്ട് മുറികള്‍ എടുത്ത സംഘം ഒരു മുറിയില്‍ സന്തോഷും മറ്റൊരു മുറിയില്‍ മറ്റുള്ളവരും തങ്ങുകയായിരുന്നു. ചൊവ്വാഴ്ചയാണ് സന്തോഷ് പാട്ടീലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിഷം അകത്ത് ചെന്നതാണ് മരണത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഏപ്രില്‍ 11ന് സന്തോഷ് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതായി പരാമര്‍ശിച്ചിരുന്നതായും തന്റെ മരണത്തിന് കാരണം ഈശ്വരപ്പയ്ക്ക് ആണെന്നും സൂചിപ്പിച്ചിരുന്നു.

Content Highlights: Karnataka Minister KS Eshwarappa To Quit Amid Row Over Suicide Of Contractor