ബെംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ നീക്കണമെന്ന ആവശ്യം ബി.ജെ.പിയില്‍ രൂക്ഷമാകുകയാണെന്ന് കര്‍ണ്ണാടക മന്ത്രി കെ.എസ്. ഈശ്വരപ്പ. യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യം ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഈശ്വരപ്പ പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രിലില്‍ യെദിയൂരപ്പയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ മന്ത്രി കൂടിയാണ് കെ.എസ്. ഈശ്വരപ്പ. തന്റെ വകുപ്പില്‍ മുഖ്യമന്ത്രി അനാവശ്യമായ കൈകടത്തലുകള്‍ നടത്തുന്നുവെന്ന് ഈശ്വരപ്പ അന്ന് പറഞ്ഞിരുന്നു.
ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്കും ബി.ജെ.പി. നേതൃത്വത്തിനും ഈശ്വരപ്പ പരാതിയും നല്‍കിയിരുന്നു. 1977 ല്‍ നിലവില്‍ വന്ന ട്രാന്‍സാക്ഷന്‍ ഓഫ് ബിസിനസ്സ് ചട്ടങ്ങള്‍ മുഖ്യമന്ത്രി ലംഘിക്കുന്നുവെന്നായിരുന്നു ഈശ്വരപ്പ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.
തന്റെ വകുപ്പില്‍ നിന്ന് 774 കോടിയുടെ ഫണ്ട് കൈമാറ്റം ചെയ്യാന്‍ മുഖ്യമന്ത്രി യെദിയൂരപ്പ ഉത്തരവിട്ടെന്നും എന്നാല്‍ ഇത് തന്റെ അറിവോ സമ്മതത്തോടെയോ ആയിരുന്നില്ലെന്നുമായിരുന്നു ഈശ്വരപ്പയുടെ ആരോപണം.
യെദിയൂരപ്പയുടെ വിശ്വസ്തരില്‍ ഒരാളായി പ്രവര്‍ത്തിച്ചിരുന്ന മന്ത്രിയായിരുന്നു കെ.എസ് ഈശ്വരപ്പ. എന്നാല്‍ ഈയടുത്ത് നടന്ന മന്ത്രിസഭാ പുനസംഘടനയോടെ ഇരുവര്‍ക്കുമിടയില്‍ കലഹങ്ങള്‍ രൂക്ഷമാകുകയായിരുന്നു.
നേരത്തെ മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി. വിമത എം.എല്‍.എ. ബസന ഗൗഡ പാട്ടീല്‍ യത്‌നാല്‍ രംഗത്തെത്തിയിരുന്നു. നിലവിലെ സര്‍ക്കാരിന് കീഴില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നേരിടാനുള്ള കെല്‍പ്പ് പാര്‍ട്ടിക്കുണ്ടാകില്ലെന്ന് ബസന ഗൗഡ പറഞ്ഞിരുന്നു.
അതേസമയം കര്‍ണ്ണാടകയിലെ പ്രതിസന്ധി വിലയിരുത്താന്‍ ബി.ജെ.പി. വക്താവ് അരുണ്‍ സിംഗ് സംസ്ഥാനത്തെത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അരുണ്‍ സിംഗ് എത്തിയത്.
മന്ത്രിമാരുമായും എം.എല്‍.എമാരുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്തുമെന്നും യെദിയൂരപ്പയെ മാറ്റുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് നേരത്തെ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും അരുണ്‍ സിംഗ് പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Karnataka Minister Eshwarappa Says Some Within BJP Want CM Yediyurappa Replaced