ബെംഗളുരു: കര്‍ണാടക എം.എല്‍.എമാരുടെ വ്യക്തിഗത ജീവിതത്തില്‍ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി കെ.സുധാകര്‍. എം.എല്‍.എമാരില്‍ ആര്‍ക്കൊക്കെ ‘അവിഹിത’ ബന്ധമുണ്ടെന്ന് അറിയാന്‍ 225 എം.എല്‍.എമാരെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ബി.ജെ.പി മന്ത്രിയുടെ പരാമര്‍ശം കര്‍ണാടക നിയമസഭയില്‍ വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. കോണ്‍ഗ്രസ് നേതാവ് സിദ്ദരാമയ്യ, ജെ.ഡി.എസ് നേതാവ് കുമാരസാമി എന്നfവര്‍ ബി.ജെ.പി മന്ത്രിയുടെ പരാമര്‍ശത്തെ ശക്തമായി അപലപിച്ച് മുന്നോട്ടുവന്നു.
ആര്‍ക്കൊക്കെ വിവാഹേതര ബന്ധമുണ്ടെന്ന് അറിയാമല്ലോ, ഞാനും അന്വേഷണം നേരിടും,” എന്നായിരുന്നു സുധാകര്‍ പറഞ്ഞത്. മാധ്യമങ്ങളോടായിരുന്നു സുധാകറിന്റെ പ്രതികരണം.
സുധാകറിന്റെ പരാമര്‍ശത്തിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് സര്‍ക്കാരിന് നേരെ പ്രതിപക്ഷം ഉന്നയിച്ചത്. അതേ സമയം സുധാകര്‍ സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോടാണ് പരാമര്‍ശം നടത്തിയതെന്നും സര്‍ക്കാരിന് ഇതുമായി ഒരു ബന്ധവുമില്ലെന്നും കര്‍ണാടക പാര്‍ലമെന്ററി കാര്യമന്ത്രി പറഞ്ഞു.
എന്നാല്‍ എം.എല്‍.എമാരുടെ വിവാഹേതര ബന്ധത്തെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സുധാകര്‍ രംഗത്തുവന്നു.
എം.എല്‍.എമാരെ അപകീര്‍ത്തിപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. മന്ത്രിമാരെ കോണ്‍ഗ്രസ് നിരന്തരം തേജോവധം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരം പരാമര്‍ശം നടത്തേണ്ടി വന്നത് എന്നായിരുന്നു സുധാകര്‍ പറഞ്ഞത്.